എഡിഎഫ് വന്നിട്ട്  ഒന്നും ശരിയായില്ല; പൂര്‍ത്തിയായത് ദുര്‍ഭരണത്തിന്റെ ഒരു വര്‍ഷം: കുമ്മനം

എഡിഎഫ് വന്നിട്ട്  ഒന്നും ശരിയായില്ല; പൂര്‍ത്തിയായത് ദുര്‍ഭരണത്തിന്റെ ഒരു വര്‍ഷം: കുമ്മനം

തിരുവനന്തപുരം:  കേരളത്തിൽ പൂർത്തിയായതു ദുർഭരണത്തിന്റെ ഒരുവർഷമാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. ക്രമസമാധാന പാലനം, വികസനം, ക്ഷേമപ്രവർത്തനം തുടങ്ങി സംസ്ഥാന സർക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ ഒന്നും നിർവഹിക്കാൻ പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതുമുന്നണി സർക്കാരിനു കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു.   എൽഡിഎഫ് വന്നാൽ എല്ലാം ശരിയാകും എന്നായിരുന്നു ഇടത് മുദ്രാവാക്യം.

 ഭരണം ഒരുവർഷം തികയുമ്പോൾ, ഒന്നും ശരിയായില്ലെന്നു മാത്രമല്ല, എല്ലാ മേഖലകളിലും അസ്വസ്ഥതകളും ആവലാതികളുമാണു ശേഷിക്കുന്നത്. കൂട്ടുത്തരവാദിത്തം ഇല്ലാത്ത മന്ത്രിസഭയ്ക്കു കീഴിയിൽ പരസ്‌പരം കലഹിക്കുന്ന ഉദ്യോഗസ്ഥവൃന്ദത്തെയാണു കാണാൻ കഴിയുന്നത്. അക്രമങ്ങളും പൊലീസ് അതിക്രമങ്ങളും ജനങ്ങളുടെ പൊറുതിമുട്ടിക്കുന്നു. 360 ദിവസത്തിനിടെ സംസ്ഥാനത്ത് 295 പേർ കൊല്ലപ്പെട്ടു. ഇതിൽ 19 രാഷ്ട്രീയ കൊലപാതകങ്ങളാണ്.

ഇവയിലെല്ലാം വാദിയും പ്രതിയും സംസ്ഥാനഭരണത്തിനു നേതൃത്വം നൽകുന്ന സിപിഎം ആണ്. പൊലീസിനെ ചട്ടുകമായി ഉപയോഗിച്ചു രാഷ്ട്രീയ പ്രതിയോഗികളെ കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുന്ന സിപിഎം, പാർട്ടിക്കാർ പ്രതികളായ കേസുകൾ തേച്ചുമാച്ചുകളയുന്നു. പാവപ്പെട്ടവരുടെ പേരിൽ വാചാലമാകുന്ന സിപിഎം ഭരണത്തിൽ സംരക്ഷിക്കുന്നതു പണക്കാരുടെ താൽപര്യങ്ങളാണ്.

ഇതിന് ഉദാഹരണമായിരുന്നു മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കൽ. നോട്ടുമരവിപ്പിക്കൽ നടപടിയെ അപലപിച്ചതു കള്ളപ്പണക്കാരെ സംരക്ഷിക്കാനുള്ള പദ്ധതിയായിരുന്നു. മുമ്പൊരിക്കലും ഇല്ലാത്ത റേഷൻ പ്രതിസന്ധിയിൽ സംസ്ഥാനത്തെ കൊണ്ടെത്തിച്ച സർക്കാരിനു കാർഡ് വിതരണം ചെയ്യാൻപോലും കഴിഞ്ഞിട്ടില്ലെന്നും   കുമ്മനം പറഞ്ഞു.