ഭൂമി കൈയേറ്റം: ആലപ്പുഴ കളക്ടര്‍ക്ക് തെറ്റ് പറ്റിയെന്ന് തോമസ് ചാണ്ടി

ഭൂമി കൈയേറ്റം: ആലപ്പുഴ കളക്ടര്‍ക്ക് തെറ്റ് പറ്റിയെന്ന് തോമസ് ചാണ്ടി

കൊച്ചി: ഭൂമി കൈയേറിയെന്ന പരാതിയില്‍ അന്വേഷണം നടത്തിയ ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമയ്ക്ക് തെറ്റ് പറ്റിയെന്ന് മന്ത്രി തോമസ് ചാണ്ടി. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്നത് വരെ വിശ്രമമില്ല. കളക്ടര്‍ക്ക് ഉദ്യോഗസ്ഥര്‍ നല്‍കിയത് തെറ്റായ വിവരങ്ങളാണ്. കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് പോയിട്ടില്ലെന്നും റിപ്പോര്‍ട്ട് അന്തിമമല്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് താന്‍ താത്പര്യപ്പെടുന്നില്ലെന്നും മന്ത്രി പ്രതികരിച്ചു.

അന്തിമ റിപ്പോര്‍ട്ടില്‍ ഈ തെറ്റ് കളക്ടര്‍ തിരുത്തുമെന്നാണ് താന്‍ കരുതുന്നതെന്നുപറഞ്ഞ അദ്ദേഹം താഴെനിന്ന് പോകുന്ന റിപ്പോര്‍ട്ടല്ലെ കളക്ടര്‍ക്ക് ലഭിക്കുന്നതെന്നും ചോദിച്ചു.കളക്ടറുടെ റിപ്പോര്‍ട്ട് നൂറ് ശതമാനം തെറ്റാണെന്നും മന്ത്രി പറഞ്ഞു.

ഇതിനിടെ തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിയുള്ള വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി റവന്യൂഭൂമി കൈയേറിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിച്ച ജില്ലാ കളക്ടറുടെ അന്തിമറിപ്പോര്‍ട്ട് തിങ്കളാഴ്ച സര്‍ക്കാരിന് സമര്‍പ്പിക്കും. ആലപ്പുഴ കളക്ടര്‍ ടിവി അനുപമ, റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് നല്‍കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ റിപ്പോര്‍ട്ടിന്റെ ഭാഗമായുള്ള സര്‍വേനടപടികളുടെ രേഖകള്‍ കിട്ടാന്‍ വൈകിയതിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് നല്‍കുന്നത് രണ്ട് ദിവസം കൂടി നീട്ടിയത്.

നേരത്തെ മന്ത്രിയുടെ കമ്പനി നടത്തിയ ഭൂമി കൈയേറ്റത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും കളക്ടര്‍ ടിവി അനുപമയോട് നിര്‍ദേശിച്ചിരുന്നു. ഇതേതുടര്‍ന്ന് കളക്ടര്‍ പ്രാഥമിക പരിശോധന നടത്തി സര്‍ക്കാരിന് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കൈയേറ്റം സ്ഥിരീകരിക്കുന്ന തരത്തിലുള്ള ഇടക്കാല റിപ്പോര്‍ട്ടാണ് കളക്ടര്‍ നല്‍കിയത്. എന്നാല്‍ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സാധ്യമല്ലാത്ത സാഹചര്യത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കളക്ടറോട് നിര്‍ദേശിക്കുകയായിരുന്നു.

 

കൈയേറ്റ ആരോപണം നേരിടുന്നതിനിടെ എന്‍സിപി ദേശീയ നേതൃത്വത്തിന്റെ പിന്തുണ ലഭിച്ചത് തോമസ് ചാണ്ടിക്ക് ആശ്വാസമായി. മന്ത്രിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും അടിസ്ഥാനരഹിതമാണെന്നുമാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്.