സിപിഐഎം ആയുധം താഴെ വെച്ചാല്‍ മാത്രമേ കേരളത്തില്‍ സമാധാനം പുലരുകയുള്ളൂ: കുമ്മനം

സിപിഐഎം ആയുധം താഴെ വെച്ചാല്‍ മാത്രമേ കേരളത്തില്‍ സമാധാനം പുലരുകയുള്ളൂ: കുമ്മനം

സിപിഐഎം ആയുധം താഴെവെച്ചാല്‍ മാത്രമെ കേരളത്തില്‍ സമാധാനം പുലരുകയുള്ളൂവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തിലാണ് കുമ്മനത്തിന്റെ പ്രതികരണം. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് സിപിഎമ്മിന് എതിരെ കുമ്മനത്തിന്റെ ആരോപണം. 

‘സിപിഐഎം ജനാധിപത്യത്തിന് ഭീഷണിയാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തോടെ ഒരിക്കല്‍ കൂടി തെളിഞ്ഞു. രാഷ്ട്രീയ എതിരാളികളെ കൊല്ലാന്‍ സിപിഐഎം നേതൃത്വം ആസൂത്രണം നടത്തുന്നുണ്ടെന്നതിന്റെ തെളിവാണ് പുറത്തുവന്ന കൊലവിളി വീഡിയോ. കൊല്ലപ്പെടേണ്ടവരുടെ പട്ടിക തയ്യാറാക്കി വലിയ ആസൂത്രണത്തോടെയാണ് സിപിഐഎം പ്രവര്‍ത്തിക്കുന്നത്. കൊലപാതകം നടത്താന്‍ പരിശീലനവും സിപിഐഎം നല്‍കുന്നുണ്ട്. ഇത്തരമൊരു സംഘടനയെ ഭീകര സംഘടനയായേ കരുതാനാകൂ. കുമ്മനം പറഞ്ഞു.

അക്രമത്തില്‍ പങ്കില്ലെന്ന പി ജയരാജന്റെ പ്രസ്താവന മുഖവിലയ്‌ക്കെടുക്കേണ്ടതില്ല. എല്ലാ അക്രമങ്ങളും നടന്നു കഴിയുമ്പോള്‍ സിപിഐഎം നടത്തുന്ന പതിവ് അധര വ്യായാമമാണിത്. എന്നാല്‍ പ്രതിപ്പട്ടിക വരുമ്പോള്‍ സിപിഐഎമ്മുകാര്‍ പ്രതികളാവുകയും ചെയ്യും. സിപിഐഎം ആയുധം താഴെ വെച്ചാല്‍ മാത്രമേ കേരളത്തില്‍ സമാധാനം പുലരുകയുള്ളൂ,’ കുമ്മനം കൂട്ടിച്ചേര്‍ത്തു.

എതിര്‍ക്കുന്നവരെയൊക്കെ കൊന്നു തള്ളുന്ന പാരമ്പര്യമാണ് സിപിഐഎമ്മിനുള്ളത്. അവരെ ചോദ്യം ചെയ്തതിനാണ് ശുഹൈബിനെ ഇപ്പോള്‍ കൊലപ്പെടുത്തിയത്. സിപിഎമ്മിന്റെ ഫാസിസ്റ്റ് പ്രവണതയെ ചെറുക്കാന്‍ രാഷ്ട്രീയം മറന്ന് എല്ലാവരും ഒന്നിക്കാന്‍ തയ്യാറാകണം.