തനിക്കെതിരായ വ്യാജ വാർത്തക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന്​​ കെ.ടി ജലീൽ

തനിക്കെതിരായ വ്യാജ വാർത്തക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന്​​ കെ.ടി ജലീൽ

വ്യാജവാർത്തകൾ ചമക്കുന്നതിലും അത് പ്രചരിപ്പിക്കുന്നതിലും മുൻപന്തിയിൽ നിൽക്കുന്നവരാണ് ബി.ജെ.പിയും മുസ്ലിംലീഗുമെന്ന് മന്ത്രി കെ ടി ജലീൽ.  യാതൊരു തത്വദീക്ഷയുമില്ലാതെ പച്ചക്കള്ളം സത്യമാണെന്ന രൂപേണ അവതരിപ്പിക്കുന്നതിൽ ഇരുപാർട്ടികൾക്കുമുള്ള മിടുക്ക് ആരെയും അതിശയിപ്പിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. എടപ്പാളിലെ പീഡനകേസിൽ പ്രതിയെ താൻ സഹായിച്ചെന്ന തരത്തിൽ വരുന്ന വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

മോദിയുടെ നുണപ്രചാരണത്തിന് ന്യായമായി സംഘി ബുദ്ധിജീവി പറഞ്ഞത് സത്യമല്ലാത്ത ഒരു കാര്യം രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രചരിപ്പിക്കുമ്പോൾ കേൾവിക്കാരിൽ പത്ത് ശതമാനമെങ്കിലും അത് സത്യമാണെന്ന് വിശ്വസിച്ചാൽ ബി.ജെ.പിക്ക് ലാഭമാണെന്നാണ് . മതം തലക്ക്പിടിച്ച് മത്ത്മറിഞ്ഞ അനുയായികളുള്ള പാർട്ടികളാണ് ഗീബൽസിയൻ തന്ത്രം രാഷ്ട്രീയ നേട്ടത്തിനും വ്യക്തിവിരോധം മൂത്തും പയറ്റുക.

ലീഗ് നേതൃത്വം പക്വമാർന്ന നിലപാടാണ് പലപ്പോഴും സ്വീകരിക്കാറ്. എന്നാൽ അനുയായികൾ നടത്തുന്ന അപവാദ പ്രചരണങ്ങളെ ലീഗ് നേതാക്കൾ ഫലപ്രദമായി തടയാൻ ശ്രമിക്കാറില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ പറഞ്ഞു. 

പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം:

വ്യാജ വാർത്തക്കെതിരെ 
നിയമ നടപടി ...... ,
-------------------------------------------------------------------------------
വ്യാജവാർത്തകൾ ചമക്കുന്നതിലും അത് പ്രചരിപ്പിക്കുന്നതിലും മുൻപന്തിയിൽ നിൽക്കുന്നവരാണ് ബി.ജെ.പിയും മുസ്ലിംലീഗും . യാതൊരു തത്വദീക്ഷയുമില്ലാതെ പച്ചക്കള്ളം സത്യമാണെന്ന രൂപേണ അവതരിപ്പിക്കുന്നതിൽ ഇരുപാർട്ടികൾക്കുമുള്ള മിടുക്ക് ആരെയും അതിശയിപ്പിക്കും . മോദിയുടെ നുണപ്രചാരണത്തിന് ന്യായമായി സംഘി ബുദ്ധിജീവി പറഞ്ഞത് സത്യമല്ലാത്ത ഒരു കാര്യം രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രചരിപ്പിക്കുമ്പോൾ കേൾവിക്കാരിൽ പത്ത് ശതമാനമെങ്കിലും അത് സത്യമാണെന്ന് വിശ്വസിച്ചാൽ ബി.ജെ.പിക്ക് ലാഭമാണെന്നാണ് . മതം തലക്ക്പിടിച്ച് മത്ത്മറിഞ്ഞ അനുയായികളുള്ള പാർട്ടികളാണ് ഗീബൽസിയൻ തന്ത്രം രാഷ്ട്രീയ നേട്ടത്തിനും വ്യക്തിവിരോധം മൂത്തും പയറ്റുക . ലീഗ് നേതൃത്വം പക്വമാർന്ന നിലപാടാണ് പലപ്പോഴും സ്വീകരിക്കാറ് . എന്നാൽ അനുയായികൾ നടത്തുന്ന അപവാദ പ്രചരണങ്ങളെ ലീഗ് നേതാക്കൾ ഫലപ്രദമായി തടയാൻ ശ്രമിക്കാറില്ല . ലീഗിന്റെ സൈബർ പോരാളികളെന്ന് ചമയുന്നവർ ആത്യന്തികമായി ദൈവ വിശ്വാസികളാണെന്ന സാമാന്യബോധം പോലും ഇല്ലാതെയാണ് പെരുമാറാറുള്ളത് . കളവ് പറയൽ നിഷിദ്ധമാക്കിയ പ്രവാചകന്റെ അനുയായികളെന്ന് 'അഭിമാനം' കൊള്ളുന്നവരുടെ ഭാഗത്തുനിന്നുള്ള ഇത്തരം സമീപനം ഇസ്ലാമിനെക്കുറിച്ച് തന്നെ അവമതിപ്പുണ്ടാക്കും .


ആര് തെറ്റ് ചെയ്താലും വിമർശിക്കണം ചൂണ്ടിക്കാണിക്കണം . അസത്യം സത്യമാണെന്ന ഭാവത്തിൽ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യുന്നവർ മുകളിലിരുന്ന് 'ഒരാൾ' ഇതൊക്കെ കാണുന്നുണ്ടെന്ന വസ്തുത മറക്കരുത് . റംസാൻ സമാഗതമാവുകയാണ് . എനിക്ക് നല്ലത് വരുത്താൻ പ്രാർത്ഥിക്കണമെന്നല്ല ഇത്തരക്കാരോടുള്ള അപേക്ഷ . നിങ്ങൾ ട്രോളിയ ഇതോടൊപ്പം ഇമേജായി ചേർത്തിട്ടുള്ള ചിത്രത്തിൽ പറയുന്ന വിഷയത്തിൽ സത്യത്തിന്റെ ഒരു അണുമണിത്തൂക്കമെങ്കിലുമുണ്ടെങ്കിൽ , ഈ റംസാൻ നാളുകളിൽ ഈയുള്ളവന്റെ സർവ്വനാശത്തിനായി മനസ്സറിഞ്ഞ് നിങ്ങളോരോരുത്തരും പ്രാർത്ഥിക്കുക . ട്രോളൻമാരോടും അത് ഷെയർ ചെയ്തവരോടും ഇതിൽ ശരിയുടെ അംശമുണ്ടെന്ന് കരുതുന്നവരോടും ഇതിലപ്പുറം ഞാനെന്ത് പറയാനാണ് ?


പത്ത് മാസം മുമ്പാണ് എന്നെ ബന്ധിപ്പിച്ച് ഒരശ്ലീല ഫോട്ടോ ഒരു യൂത്ത് ലീഗ് പ്രവർത്തകൻ പോസ്റ്റ് ചെയ്തത് . ഇതിനെതിരെ സൈബർ സെല്ലിൽ പരാതി നൽകി . ഗൾഫിലായിരുന്ന അദ്ദേഹം നാട്ടിലെത്തിയപ്പോൾ പോലീസ് അറസ്റ്റ് ചെയ്തു . ചെയ്ത തെറ്റിൽ പശ്ചാതപിച്ച് കലങ്ങിയ കണ്ണുകളുമായി വന്ന ആ സുഹൃത്തിനോട് എന്ത് പറയാൻ . പരാതിയില്ലെന്ന് എഴുതിക്കൊടുത്തു . അയാൾ കുറ്റവിമുക്തനായി . താഴേകൊടുത്ത ചിത്രത്തിൽ ചേർത്ത വാചകങ്ങൾ പടച്ചു വിട്ടവർക്കെതിരായി നിയമനടപടി സ്വീകരിക്കുകയല്ലാതെ മറ്റു വഴികളില്ല . കളിയാക്കലോ പരിഹാസമോ ആകാം . പക്ഷെ കല്ലുവെച്ച നുണ കെട്ടിച്ചമച്ച് നാടുനീളെ വിളംബരപ്പെടുത്തുന്ന ശൈലി ഒരു നിലക്കും പ്രോൽസാഹിപ്പിക്കാൻ കഴിയില്ല . എല്ലാവർക്കും റംസാൻ മുബാറക്ക്.