മഴ ശക്തമാകുന്നു; കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി

മഴ ശക്തമാകുന്നു; കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി

കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ശക്തമായ മഴ തുടരുന്നതിനാലാണ് അവധി പ്രഖ്യാപനം. കോഴിക്കോട് ജില്ലയിൽ മഴയിൽ നിരവധി നാശനഷ്ടങ്ങളാണ് സംഭവിച്ചത്. കോഴിക്കോട്ടെ മലയോര മേഖലകളില്‍ മണ്ണിടിച്ചല്‍ ഭീഷണി തുടരുകയാണ്. ജീരകപ്പാറ വനത്തിനുള്ളിലും വെള്ളരി മലയുടെ ഉള്‍ഭാഗങ്ങളിലും ഉരുള്‍പൊട്ടിയിരുന്നു. ഉരുള്‍പൊട്ടലിനെയും കുന്നിടിച്ചലിനെയും തുടര്‍ന്ന് നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.

കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും കോട്ടയം നഗരസഭയിലേയും ആര്‍പ്പൂക്കര, അയ്മനം, കുമരകം, തിരുവാര്‍പ്പ്, മണര്‍കാട്, വിജയപുരം എന്നീ പഞ്ചായത്തുകളിലെയും ഹയര്‍ സെക്കന്‍ഡറി വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും കോട്ടയം ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരോ ബോര്‍ഡുകളോ നടത്തുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ല. അധ്യാപകരും മറ്റു ജീവനക്കാരും സ്‌കൂളില്‍ ഹാജരാകണം.

കോതമംഗലം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് എറണാകുളം ജില്ലാ കലക്ടറും ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആലപ്പുഴ ജില്ലാ കലക്ടറും അവധി പ്രഖ്യാപിച്ചു.