കടകംപള്ളി ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം; പരിശോധിച്ച ശേഷം പ്രതികരിക്കാം കോടിയേരി

കടകംപള്ളി ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം; പരിശോധിച്ച ശേഷം പ്രതികരിക്കാം കോടിയേരി

കൊച്ചി: ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തിയ സംഭവത്തില്‍ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യം തന്റെ ശ്രദ്ധയില്‍ വന്നിട്ടില്ലെന്നും വാര്‍ത്തകള്‍ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

കടകംപള്ളിയുടെ ക്ഷേത്രദര്‍ശനത്തിനെതിരേ ബിജെപി രംഗത്തുവന്നിരുന്നു. സിപിഎമ്മിന്റെ  കപട മുഖമാണ് കടകംപള്ളിയുടെ നടപടിയിലൂടെ പുറത്തുവന്നതെന്നായിരുന്നു ബിജെപിയുടെ വിമര്‍ശനം. 

അഷ്ടമിരോഹിണി ദിനത്തിലാണ് മന്ത്രി കടകംപള്ളി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. വിശ്വാസത്തോടുള്ള സിപിഎമ്മിന്റെ ഇരട്ടത്താപ്പാണ് പുറത്തു വന്നതെന്നും അതല്ല, കടകംപള്ളി സുരേന്ദ്രന്റെ പ്രവര്‍ത്തനം ആത്മാര്‍ഥമായാണെങ്കില്‍ സ്വാഗതം ചെയ്യുന്നുവെന്നും ബിജെപി പ്രതികരിച്ചിരുന്നു.

ക്ഷേത്ര ദര്‍ശനത്തിനിടെ കടകംപള്ളി കുടുംബാംഗങ്ങളുടെ പേരില്‍ പുഷ്പാഞ്ജലി ഉള്‍പ്പെടെയുള്ള വഴിപാടുകള്‍ നടത്തിയിരുന്നു. അന്നദാനത്തിനുള്ള പണം കൂടി നല്‍കിയതിന് ശേഷമായിരുന്നു അദ്ദേഹം ക്ഷേത്രം വിട്ടത്. വൈകീട്ട് ദേവസ്വം സംഘടിപ്പിച്ച പൊതുയോഗത്തില്‍ ക്ഷേത്ര ദര്‍ശനത്തിലുള്ള സന്തോഷവും മന്ത്രി പ്രകടിപ്പിച്ചു.