‘ജയിലില്‍ ആരെയെങ്കിലും പോയി കാണുന്നത് തെറ്റായി പറയാന്‍ സാധിക്കില്ല, തടവുകാരെ ആര്‍ക്കും പോയി കാണാം’;  കോടിയേരി

 ‘ജയിലില്‍ ആരെയെങ്കിലും പോയി കാണുന്നത് തെറ്റായി പറയാന്‍ സാധിക്കില്ല, തടവുകാരെ ആര്‍ക്കും പോയി കാണാം’;  കോടിയേരി

കൊച്ചി: ഇടതു ജനപ്രതിനിധികള്‍ നടന്‍ ദിലീപിനെ ജയിലില്‍ പോയി കണ്ടത് വ്യക്തിപരമാണെന്നും അതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഏറ്റവും ഒടുവില്‍ കെപിഎസി ലളിത ഉള്‍പ്പെടെ ദിലീപിനെ സന്ദര്‍ശിക്കാനെത്തിയതിനെപ്പറ്റി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചപ്പോഴായിരുന്നു കോടിയേരിയുടെ പ്രതികരണം.

‘ജയിലില്‍ ആരെയെങ്കിലും പോയി കാണുന്നത് തെറ്റായി പറയാന്‍ സാധിക്കില്ല. തടവുകാരെ ആര്‍ക്കും പോയി കാണാം. ഞങ്ങളൊക്കെ ജയിലില്‍ കിടക്കുമ്പോള്‍ പാര്‍ട്ടി വിരുദ്ധന്മാരായ പലരും ഞങ്ങളെ വന്നു കണ്ടിട്ടുണ്ട്. വ്യക്തിപരമായി ബന്ധമുള്ളവര്‍ക്ക് പോയി കാണാവുന്നതാണ്. അതൊരു രാഷ്ട്രീയ പ്രശ്‌നമായി കാണേണ്ടതില്ല’- കോടിയേരി പറഞ്ഞു.

പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങിയ സമയത്ത് കഴിഞ്ഞ ദിവസം കെപിഎസി ലളിത ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചത് പാര്‍ട്ടിക്ക് തിരിച്ചടിയായിരുന്നു. ആക്രമിക്കപ്പെട്ട നടിയെ കാണുകയോ ആശ്വസിപ്പിക്കുകയോ ചെയ്യാന്‍ തയാറാകാത്ത ലളിത, കേസിലെ പ്രതിയായ ദിലീപിനെ കണ്ടതു പാര്‍ട്ടി വനിതാ നേതാക്കളില്‍ അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്.

സംഗീത നാടക അക്കാദമി പോലുള്ളൊരു സ്ഥാപനത്തിന്റെ തലപ്പത്തിരുന്ന് ഇത്തരം പരസ്യ നിലപാടെടുത്തതില്‍ സാംസ്‌കാരിക രംഗത്തുള്ള എതിര്‍പ്പും ശക്തമാണ്. ദിലീപുമായി വ്യക്തി ബന്ധമുണ്ടെങ്കിലും ഇത്തരമൊരു പദവിയില്‍ ഇരിക്കുമ്പോള്‍ അതു കാണിക്കേണ്ടതില്ലെന്നു സാംസ്‌കാരിക നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഇരയ്ക്കു പകരം വേട്ടക്കാര്‍ക്കൊപ്പമാണു ലളിത നിന്നതെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണവും പാര്‍ട്ടിക്കു തലവേദനയുണ്ടാക്കുന്നുണ്ട്. നടനും എംഎല്‍എയുമായ കെ.ബി. ഗണേശ് കുമാര്‍ ദിലീപിനെ സന്ദര്‍ശിച്ചതും വിവാദമായിരുന്നു.