കൊച്ചി കപ്പൽശാലയിലെ പൊട്ടിത്തെറി : വാതക ചോര്‍ച്ചയെ തുടര്‍ന്നാണെന്ന് ചെയര്‍മാന്‍;  പത്ത് ലക്ഷം രൂപ ധനസഹായം നല്‍കും

കൊച്ചി കപ്പൽശാലയിലെ പൊട്ടിത്തെറി : വാതക ചോര്‍ച്ചയെ തുടര്‍ന്നാണെന്ന് ചെയര്‍മാന്‍;  പത്ത് ലക്ഷം രൂപ ധനസഹായം നല്‍കും

കൊച്ചി: കൊച്ചി കപ്പൽശാലയിലെ പൊട്ടിത്തെറിക്ക് കാരണം വാതക ചോര്‍ച്ചയെന്ന് കൊച്ചി ഷിപ്‌യാര്‍ഡ് ചെയര്‍മാന്‍ മധു എസ് നായര്‍. സ്‌ഫോടനത്തിന് തൊട്ടുമുന്‍പ് വാതകത്തിന്റെ ഗന്ധമുണ്ടായി. ജോലി നടന്നിരുന്നത് ടാങ്കിന്റെ ഉള്ളിലാണ്. ടാങ്കിന്റെ ഒരു ഭാഗത്ത് വാതകം നിറഞ്ഞിരുന്നു. മരിച്ച മൂന്ന് പേര്‍ അഗ്നനിശമസേന വിഭാഗത്തിലുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.

അപകടമുണ്ടായ കപ്പൽ 30 വർഷമായി കൊച്ചിയിലാണ് അറ്റകുറ്റപ്പണി നടത്തുന്നത്. എല്ലാ മുൻകരുതലുകളും എടുത്ത ശേഷമാണ് ഇന്നും ജീവനക്കാർ ജോലി തുടങ്ങിയത്. അപകടം എങ്ങനെ സംഭവിച്ചുവെന്ന് വ്യക്തമായിട്ടില്ലെന്നും ഡയറക്ടര്‍ ഓപ്പറേഷന്‍സിന്റെ നേതൃത്തില്‍  അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം സഹായധനം നൽകും. പരിക്കേറ്റവരുടെ ചികിത്സാ ചെലവുകൾ പൂർണമായും കപ്പൽശാല വഹിക്കുമെന്നും എംഡി അറിയിച്ചു. അപകടമുണ്ടായ വിവരം കേന്ദ്ര-സംസ്ഥാന സർക്കാരുകളെ അറിയിച്ചിട്ടുണ്ട്. അപകട മേഖല സന്ദർശിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച പ്രതിനിധി കപ്പൽശാലയിൽ എത്തുമെന്നും എംഡി വ്യക്തമാക്കി.

അപകടത്തിൽ പത്തനംതിട്ട സ്വദേശി ഗെവിൻ റെജി, വൈപ്പിൻ സ്വദേശി എം.എം.റംഷാദ്, തൃപ്പൂണിത്തുറ എരൂർ സ്വദേശി സി.എസ്.ഉണ്ണികൃഷ്ണൻ, എരൂർ സ്വദേശി എം.വി.കണ്ണൻ, തേവര സ്വദേശിയായ കെ.ബി.ജയൻ എന്നിവരാണു മരിച്ചത്. അഭിലാഷ്, സച്ചു, ജയ്സണ്‍,ശ്രീരൂപ്, ക്രിസ്റ്റി, ടിന്റു, രാജീവ് എന്നിവർക്കാണ് പരിക്കേറ്റത്. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിൽസയിലുള്ള ഇവരിൽ ശ്രീരൂപിന്റെ നില ഗുരുതരമാണ്. തൊണ്ണൂറു ശതമാനത്തോളം പൊള്ളലേറ്റ ഇയാൾ തീവ്രപരിചരണവിഭാഗത്തിലാണ്. അതേസമയം കപ്പലിനുള്ളിൽ ആരും കുടുങ്ങിക്കിടപ്പില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എൻ.പി.ദിനേശ് അറിയിച്ചിരുന്നു.