മതംമാറിയ ഹോമിയോ വിദ്യാര്‍ഥിനിയുടെ  വിവാഹം ഹൈക്കോടതി അസാധുവാക്കി

മതംമാറിയ ഹോമിയോ വിദ്യാര്‍ഥിനിയുടെ  വിവാഹം ഹൈക്കോടതി അസാധുവാക്കി

കൊച്ചി: മതംമാറിയ ഹോമിയോ വിദ്യാര്‍ഥിനിയുടെ വിവാഹം ഹൈക്കോടതി അസാധുവാക്കി. യുവതിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. ഇവര്‍ക്ക് സുരക്ഷ നല്‍കാന്‍ പോലീസിനും ഡിവിഷന്‍ബെഞ്ച് നിര്‍ദേശം നല്‍കി. കോട്ടയം സ്വദേശി അശോകന്‍ നല്‍കിയ ഹര്‍ജിയിലാണിത്.


ഹോമിയോഡോക്ടര്‍ പഠനം പൂര്‍ത്തിയാക്കി ഹൗസ്സര്‍ജന്‍സി ചെയ്യുകയായിരുന്ന ഏകമകളെ കാണാതായെന്നുകാണിച്ചാണ് അശോകന്‍ കഴിഞ്ഞവര്‍ഷം കോടതിയെ സമീപിച്ചത്. സ്വമേധയാ ആണ് താന്‍ വീട്ടുകാരെ വിട്ടുപോയതെന്നാണ് യുവതി അന്ന് കോടതിയില്‍ ഹാജരായി ബോധിപ്പിച്ചത്.


വീടുവിട്ട പെണ്‍കുട്ടി മഞ്ചേരിയിലെ സത്യസരണിയില്‍ ഇസ്ലാമിക പഠനത്തിന് ചേര്‍ന്നിരുന്നു. യുവതിക്ക് മതപഠനം തുടരാനും താമസസ്ഥലം സ്വയംതീരുമാനിക്കാനും കോടതി അനുമതി നല്‍കിയിരുന്നു. 2016 ഡിസംബര്‍ 21-ന് കോടതി ഹര്‍ജി പരിഗണിച്ചപ്പോള്‍ ഡിസംബര്‍ 19-ന് വിവാഹം നടന്നെന്ന് യുവതി കോടതിയെ അറിയിച്ചു. ഭര്‍ത്താവിനൊപ്പമാണ് അന്ന് കോടതിയില്‍ ഹാജരായത്.


ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കേ നടന്ന വിവാഹത്തിന്റെ വിശദവിവരം അന്വേഷിച്ചറിയിക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. യുവതിയെ എറണാകുളത്തെ ഹോസ്റ്റലില്‍ താമസിപ്പിക്കാന്‍ നിര്‍ദേശിച്ചു.

ബുധനാഴ്ച കേസ് പരിഗണിച്ച കോടതി വിവാഹം അസാധുവാണെന്ന് പ്രഖ്യാപിച്ചു. വിവാഹത്തിന് യുവതിയുടെകൂടെ രക്ഷാകര്‍ത്താവായി പോയ സ്ത്രീക്കും ഭര്‍ത്താവിനും അത് നടത്തിക്കൊടുക്കാന്‍ അധികാരമോ യോഗ്യതയോ ഇല്ലെന്ന് കോടതി വിലയിരുത്തി.

ഈ വിവാഹം സംബന്ധിച്ചകേസും അതോടൊപ്പം, മറ്റൊരുയുവതിയെ നിര്‍ബന്ധിച്ച് മതംമാറ്റിയെന്ന പരാതിയില്‍ ചെര്‍പ്പുളശ്ശേരി പോലീസ് രജിസ്റ്റര്‍ചെയ്തകേസും ഡി.ജി.പി. ഏറ്റെടുത്ത് അന്വേഷിക്കണം. കേസിലുള്‍പ്പെട്ട സംഘടനകളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും ഡി.ജി.പി. അന്വേഷിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

ഹര്‍ജിക്കാസ്​പദമായ കേസില്‍ അന്വേഷണോദ്യോഗസ്ഥന്റെ ഭാഗത്ത് വീഴ്ചകണ്ടെത്തിയാല്‍ വകുപ്പുതലനടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.