വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണ ആരോപണം; എൻഫോഴ്സ്മെന്‍റിനെ കക്ഷി ചേർക്കാൻ ഹൈക്കോടതി നി‍ർദ്ദശം

വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണ ആരോപണം; എൻഫോഴ്സ്മെന്‍റിനെ കക്ഷി ചേർക്കാൻ ഹൈക്കോടതി നി‍ർദ്ദശം

കൊച്ചി: മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണ ആരോപണത്തിൽ എൻഫോഴ്സ്മെന്‍റിനെ കക്ഷി ചേർക്കാൻ ഹൈക്കോടതി നി‍ർദ്ദശം. പത്ത് കോടി രൂപയുടെ പണമിടപാട് നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇത് കള്ളപ്പണമാണോ എന്ന് പരിശോധിക്കേണ്ടതാണെന്നും വിജിലൻസ് കോടതിയെ അറിയിച്ചു. 

കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ട് വഴി ഇബ്രാഹിം കുഞ്ഞിന് ചുമതലയുള്ള സ്ഥാപനത്തിലേക്ക് പത്ത് കോടിരൂപ വന്നതിൽ അന്വേഷണം വേണമെന്നും പാലാരവിട്ടം പാലം അഴിമതിയോടൊപ്പം ഈ പണമടിപാട് കൂടി അന്വേഷിക്കണമെന്നുമായിരുന്നു പൊതു താൽപ്പര്യ ഹർജി. ഈ ഹർജിയിലാണ് സിംഗിൾ ബഞ്ച് എൻഫോഴ്സ്മെൻറിനെ കക്ഷിയാക്കാൻ ഹ‍ര്‍ജിക്കാരന് നിർദ്ദശം നൽകിയത്.

വിജിലൻസിന് അഴിമതി മാത്രമാണ് അന്വേഷിക്കാൻ കഴിയുക, കള്ളപ്പണ മിടപാട് നടന്നെങ്കിൽ അക്കാര്യം അന്വേഷിക്കേണ്ടത്  എൻഫോഴ്സ്മെൻറ് ആണെന്നും കോടതി ചൂണ്ടികാട്ടി. മുൻ മന്ത്രിക്കെതിരായ കള്ളപ്പണമിടപാട് പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയെന്നും പരാതിക്കാരന്‍റെ മൊഴിയെടുത്തതായും വിജിലൻസ് കോടതിയെ അറയിച്ചു. 

2016 നവംബറിൽ പത്ത് കോടിരൂപ ഇബ്രാഹിം കുഞ്ഞിന് ചുമതലയിലുള്ള സ്ഥാപനത്തിന്‍റെ അക്കൗണ്ടിലേക്ക് വന്നതായി കണ്ടെത്തിയെന്നും വിജിലൻസ് അറിയിച്ചു. ഇത് കള്ളപ്പണമിടപാടാണോ എന്നതിൽ വിശദമായ അന്വേഷണം വേണമെന്നായിരുന്നു വിജിലൻസിന്‍റെ നിലപാട്. ഹ‍ർജി ബുധനാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി. അതേസമയം   പാലാരിവട്ടം മേൽപ്പാലം അഴിമിതയിൽ ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണത്തിന് ഇതുവരെ സർക്കാർ അനുമതിയായില്ലെന്നും വിജിലൻസ് കോടതിയെ അറിയിച്ചു.