കേരള ഇക്കോടൂറിസം ടിക്കറ്റുകള്‍ ഇനി മുതല്‍ ഓണ്‍ലെനില്‍

കേരള ഇക്കോടൂറിസം ടിക്കറ്റുകള്‍ ഇനി മുതല്‍ ഓണ്‍ലെനില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഇക്കോടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാവുന്ന സംവിധാനത്തിന് തുടക്കമായി. ആദ്യഘട്ടമെന്ന നിലയില്‍ സംസ്ഥാനത്തെ 28 ഇക്കോ ടൂറിസംകേന്ദ്രങ്ങളിലും തിരുവനന്തപുരം വനശ്രീ ഇക്കോഷോപ്പിലുമാണ് ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കുകയെന്ന് വനംമന്ത്രി അഡ്വ. കെ രാജു അറിയിച്ചു.

ഇതിനായി തയാറാക്കിയ കേരളഫോറസ്റ്റ് ഇക്കോ ടൂറിസം മൊബൈല്‍ ആപ്പിന്റെ പ്രകാശനവും പദ്ധതിയുടെ ഉദ്ഘാടനവും ചേമ്പറില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 

പരീക്ഷാണാടിസ്ഥാനത്തില്‍ 20 ശതമാനം ടിക്കറ്റുകള്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ ഓണ്‍ലൈന്‍ വഴി നല്‍കുകയെന്നും തടിയൊഴികെയുള്ള വനഉല്‍പന്നങ്ങള്‍ വനശ്രീ ഇക്കോ ഷോപ്പുകളിലൂടെ ഇന്ത്യയിലെങ്ങും ഓണ്‍ലൈനായി ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

തടിയൊഴികെയുള്ള വന ഉത്പന്നങ്ങളും ഓൺലൈൻ വനശ്രീ ഇക്കോഷോപ്പുകളിലൂടെ ലോകത്താകമാനം ഈ സംവിധാനത്തിലൂടെ ലഭ്യമാകും. വനംവകുപ്പിന്റെ ഒദ്യോഗിക വെബ്സൈറ്റായ  http://www.forest.kerala.gov.in, ഇക്കോ ടൂറിസം വെബ്സൈറ്റായ  https://keralaforestecotourism.com എന്നിവയിലും കേരള ഫോറസ്റ്റ് ഇക്കോ ടൂറിസം എന്ന മൊബൈൽ ആപ്പ് വഴിയും ടിക്കറ്റുകൾ ബുക്കു ചെയ്യാനും ഉത്പന്നങ്ങൾ വാങ്ങുവാനും സാധിക്കും.

സംസ്ഥാനത്താകെയുള്ള 60 ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ 25 എണ്ണത്തിലാണ് ആദ്യഘട്ടമെന്ന നിലയിൽ ഓൺലൈൻ ബുക്കിംഗ് സംവിധാനം നടപ്പിലാക്കുക. തിരുവനന്തപുരം വനശ്രീ ഇക്കോ ഷോപ്പ് സംസ്ഥാനത്തെ ആദ്യത്തെ ഓൺലൈൻ ഇക്കോ ഷോപ്പാകും.