ബിഷപ്പിനെതിരായ ആരോപണത്തിന് പിന്നിൽ ഗൂഢാലോചന; കന്യാസ്ത്രീയുടെ മൊഴികളില്‍ വൈരുദ്ധ്യമെന്നും  ജലന്ധർ രൂപത

ബിഷപ്പിനെതിരായ ആരോപണത്തിന് പിന്നിൽ ഗൂഢാലോചന; കന്യാസ്ത്രീയുടെ മൊഴികളില്‍ വൈരുദ്ധ്യമെന്നും  ജലന്ധർ രൂപത

ബിഷപ്പിനെതിരായ ആരോപണം ഗൂഢാലോചനയെന്ന് ജലന്ധർ രൂപത. കന്യാസ്ത്രീയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും രൂപത ആരോപിക്കുന്നു. സഭയെയും ബിഷപ്പിനെയും ഇല്ലായ്മ ചെയ്യാനുളള ഗൂഢാലോചനയാണ് ബിഷപ്പിനെതിരായ ആരോപണത്തിന് പിന്നിൽ. ആരോപണം തെളിയുന്നത് വരെ മാധ്യമവിചാരണയില്‍ മിതത്വം വേണമെന്നും ജലന്ധര്‍ രൂപത  പ്രസ്താവനയില്‍ പറയുന്നു. 

നാല് പേജുളള പ്രസ്തവനയാണ് പുറത്തിറക്കിയിരിക്കുന്നത്. ആദ്യം പീഡനം നടന്നുവെന്ന് പറയുന്ന ദിവസം ബിഷപ്പ് കുറവിലങ്ങാട് മഠത്തിലല്ല താമസിച്ചത് എന്ന് പ്രസ്താവനയില്‍ പറയുന്നു. തൊട്ടടുത്ത ദിവസം കന്യാസ്ത്രീയുടെ വീട്ടിൽ നടന്ന ചടങ്ങിൽ ബിഷപ്പ് പങ്കെടുത്തു. കന്യാസ്ത്രീ വളരെ സന്തോഷത്തോടെ ബിഷപ്പിനെ സ്വീകരിച്ചു. പീഡിപ്പിച്ചിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കുമോയെന്നും പ്രസ്താവനയിൽ ചോദിക്കുന്നു. കന്യാസ്ത്രീക്കെതിരെ ബന്ധു പരാതി നൽകിയ ശേഷമാണ് ബിഷപ്പുമായി അകന്നത് എന്നും രൂപത ചൂണ്ടിക്കാട്ടി. 

അതേസമയം, കന്യാസ്‌ത്രീയെ ബലാത്സംഗം ചെയ്‌ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിനെതിരായ കന്യാസ്ത്രീകളുടെ സമരം കൂടുതൽ ശക്തമാക്കുന്നു. നിലവിൽ കൊച്ചിയിൽ നടക്കുന്ന സമരത്തിന് പുറമെ  സെക്രട്ടേറിയേറ്റിന് മുന്നിലേക്കും ഇന്ന് സമരം വ്യാപിപ്പിക്കും. സന്യാസിസമൂഹ സംരക്ഷണ വേദിയുടെ നേതൃത്വത്തിലാണ് സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം തുടങ്ങുന്നത്.