ചക്ക ഇന്നു മുതല്‍ കേരളത്തിന്‍റെ ഔദ്യോഗിക ഫലം !!

ചക്ക ഇന്നു മുതല്‍ കേരളത്തിന്‍റെ ഔദ്യോഗിക ഫലം !!

തിരുവനന്തപുരം: ഇന്നു മുതല്‍ ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കും. കാര്‍ഷിക വകുപ്പാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. 
ചക്കയെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കുന്നതിലൂടെ കേരളാ ബ്രാന്‍ഡ് ചക്കയെ ലോക വിപണിയില്‍ അവതരിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം.

മറ്റ് സംസ്ഥാനങ്ങളില്‍ ഉള്ളതിനെക്കാള്‍ കേരളത്തിലെ ചക്കകള്‍ക്ക് ഗുണമേന്മ ഏറും. അതുകൊണ്ടു തന്നെ ചക്കയെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കുന്നതിലൂടെ പ്ലാവ് പരിപാലനവും വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. പ്രഖ്യാപനത്തിന് പിന്നാലെ പരമാവധിപ്പേര്‍ക്ക് പ്ലാവിന്‍തൈ വിതരണം നടത്തുമെന്നും കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ അറിയിച്ചു.

ചക്ക ഗവേഷണത്തിനായി അമ്പലവയലില്‍ കൃഷിവകുപ്പിന്റെ റിസര്‍ച് സെന്റര്‍ ആരംഭിച്ചു കഴിഞ്ഞു. മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളിലൂടെ പ്രതിവര്‍ഷം 1500 കോടി രൂപയുടെ വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ചക്കയില്‍ നിന്നും അതിന്റെ അനുബന്ധ ഉല്‍പന്നങ്ങളില്‍ നിന്നുമായിരിക്കും ഈ വരുമാനമുണ്ടാക്കുക.