ശബരിമലയില്‍ പ്രതിഷേധത്തിനിടെ പരിക്കേറ്റു; നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള മട്ടാഞ്ചേരി സ്വദേശിനിയുടെ ഹര്‍ജി വിധി പറയാന്‍ മാറ്റി

ശബരിമലയില്‍ പ്രതിഷേധത്തിനിടെ പരിക്കേറ്റു; നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള മട്ടാഞ്ചേരി സ്വദേശിനിയുടെ ഹര്‍ജി വിധി പറയാന്‍ മാറ്റി

കൊച്ചി: ശബരിമലയില്‍ പ്രതിഷേധത്തിനിടെ പരിക്കുപറ്റിയതിനെ തുടര്‍ന്ന് നഷ്ടപരിഹാരം വേണമെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ച മട്ടാഞ്ചേരി സ്വദേശി സരോജത്തിന്റെ ഹര്‍ജി വിധി പറയുന്നത് മാറ്റി വെച്ചു. ശബരിമല പമ്പാ ഗണപതി ക്ഷേത്രത്തിനു സമീപത്ത് വെച്ചു അകാരണമായി പോലീസ് മര്‍ദ്ദിച്ചു എന്നാണ് സരോജത്തിന്റെ പരാതി. രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം  ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

സരോജത്തിന് നഷ്ടപരിഹാരം നല്‍കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ശക്തമായി എതിര്‍ത്തു. സരോജം ശബരിമലയില്‍ നടന്ന പ്രതിഷേധ പരിപാടികളില്‍ സജീവ പങ്കാളിയാണെന്നും പരിക്കേറ്റിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദി അവര്‍ തന്നെയാണെന്നും സ്റ്റേറ്റ് അറ്റോര്‍ണി കോടതിയില്‍ വാദിച്ചു.നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയില്ലെന്നും സ്റ്റേറ്റ് അറ്റോര്‍ണി കോടതിയില്‍ വിശദമാക്കി.നേരത്തെ സരോജം ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ചെന്ന് കാണിച്ച് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. സരോജത്തിന്റെ ഹര്‍ജിക്ക് ശേഷമായിരുന്നു പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്.