പ്രൈവറ്റ് മാനേജ്‌മെന്റ് സ്‌ക്കൂളുകളില്‍ കുട്ടികള്‍ക്കെതിരെ മനുഷ്യാവകാശ ലംഘനം ;അന്വേഷണം ഡോട്ട് കോം ഇന്‍വേസ്റ്റിഗേഷന്‍ കണ്ടെത്തിയ തെളിവുകള്‍!

പ്രൈവറ്റ് മാനേജ്‌മെന്റ് സ്‌ക്കൂളുകളില്‍ കുട്ടികള്‍ക്കെതിരെ മനുഷ്യാവകാശ ലംഘനം ;അന്വേഷണം ഡോട്ട് കോം ഇന്‍വേസ്റ്റിഗേഷന്‍ കണ്ടെത്തിയ തെളിവുകള്‍!

സംസ്ഥാനത്തെ വിവിധ സ്വകാര്യ മാനേജ്‌മെന്റ് സ്‌ക്കൂളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത് ഞെട്ടിക്കുന്ന കാഴ്ചകള്‍.പല പ്രൈവറ്റ് മാനേജ്‌മെന്റ് സ്‌ക്കൂളുകളിലും കുട്ടികള്‍ക്കെതിരെ മനുഷ്യാവകാശ ലംഘനം നടക്കുന്നതായി കണ്ടെത്താന്‍ കഴിഞ്ഞു.

പല സ്‌ക്കൂളുകളിലും പരീക്ഷ കഴിഞ്ഞിട്ടും ഫീസ് മുടക്കിയെന്ന കാരണത്താല്‍ മാര്‍ക്ക് ഷീറ്റ് നല്‍കുന്നില്ലെന്ന പരാതിയാണ് അന്വേഷണം ഡോട്ട് കോം ഇന്‍വേസ്റ്റിഗേഷന്‍ പരമ്പര ഇതിന്റെ സത്യാവസ്ഥ തേടി പ്രൈവറ്റ് മാനേജ്‌മെന്റ് സ്‌ക്കൂളുകളിലേക്ക് യാത്ര തിരിക്കാനുണ്ടായ സാഹചര്യം.

സ്വകാര്യ മാനേജ്‌മെന്റ് സ്‌ക്കൂളുകളില്‍ താഴ്ന്ന ക്ലാസില്‍ പഠിക്കുന്ന കുട്ടികളില്‍ ഏറെയും കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരാണ്. ഇതിന് കാരണമാകുന്നത് വിദ്യ അഭ്യസിച്ച് കൊടുക്കാന്‍ നിയോഗിക്കപ്പെട്ട അധ്യാപകരും. പല കുട്ടികളെയും മാനസികമായി അധ്യാപകര്‍ പീഡിപ്പിക്കുന്നതായി കുട്ടികളില്‍ നിന്നു തന്നെ അറിയാന്‍ കഴിഞ്ഞു.

ഇതിനെ ചോദ്യം ചെയ്താല്‍ ഫീസ് കെട്ടിയ ശേഷം തരാം എന്ന കടുത്ത ഭാഷയിലുളള മറുപടിയാണ് അധ്യാപകര്‍ നല്കുന്നത്. ഇതിനെ കുറിച്ച് അന്വേഷിക്കാന്‍ ഞങ്ങള്‍ പ്രൈവറ്റ് മാനേജ്‌മെന്റ് സ്‌ക്കൂളുകളില്‍ ബന്ധപ്പെട്ടപ്പോള്‍ പ്രിന്‍സിപ്പാള്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടെന്ന് ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് നേരിട്ട് ചെന്ന് അന്വേഷിച്ചപ്പോള്‍ പലരും മുന്‍പ് പറഞ്ഞ പലതും തിരസ്‌കരിച്ച് ഒഴിഞ്ഞ് മാറുകയായിരുന്നു.  

എന്നാല്‍ ഇവിടെ പഠിക്കുന്ന കുട്ടികളുടെയും വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ ചെന്ന് അന്വേഷിച്ചപ്പോള്‍ പല കുട്ടികളും രക്ഷിതാക്കളും വെളിപ്പെടുത്തിയ രഹസ്യങ്ങള്‍ക്ക് സമാനമായ കാര്യങ്ങളാണ് മറ്റു പ്രൈവറ്റ് മനേജ്‌മെന്റ് സ്‌ക്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളും വ്യക്തമാക്കിയത്.

എല്‍കെജി, യുകെജി ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെയാണ് ഇത്തരത്തില്‍ കൂടുതലായും ചൂഷണം ചെയ്യുന്നത്. ചൂഷ്ണത്തിന് ഇരയാകാത്ത വളരെ ചുരുക്കം കുട്ടികളെ മാത്രമാണ് സ്വകാര്യ മാനേജ്‌മെന്റ് സ്‌ക്കൂളുകളില്‍ കാണാന്‍ കഴിയുകയുളളു. എത്ര നന്നായി പഠിക്കുന്ന കുട്ടിയാണെങ്കിലും ഫീസ് മുടക്കിയാല്‍ അധ്യാപകര്‍ പഠനത്തില്‍ ശ്രദ്ധിക്കില്ല.കൂടാതെ ഇതിന്റെ പേരില്‍ കുട്ടികളെ മറ്റു വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ച് നിരന്തരം കളിയാക്കുകയും മാനസികമായി തളര്‍ത്തുകയും ചെയ്യുന്നതായി രക്ഷിതാക്കള്‍ പറയുന്നു.

അതേസമയം ടീച്ചര്‍ മറ്റുളളവരുടെ മുന്നില്‍വെച്ച് ഇനിയും അപമാനിക്കുമോ എന്നു ഭയന്ന് പല കുട്ടികളും സ്‌ക്കൂളില്‍ പോകാന്‍ കൂട്ടാക്കുന്നില്ലെന്നും രക്ഷിതാക്കള്‍ വ്യക്തമാക്കുന്നു.

ഫീസ് അടച്ച ശേഷവും വിദ്യാര്‍ത്ഥികളുടെ മനസിനെറ്റ മുറിവ് പല കുട്ടികളുടെയും മനസില്‍ ഉണങ്ങാതെ കിടക്കുന്നു. മാനേജ്‌മെന്റിന്റെ താല്‍പര്യത്തിനൊത്ത് കുട്ടികളുടെ മനശാസ്ത്രം നന്നായി അറിയാവുന്ന അധ്യാപകര്‍ ഇത്തരത്തില്‍ പെരുമാറുന്നത് തികച്ചും അപലപനീയമാണ്.

പ്രൈവറ്റ് മാനേജ്‌മെന്റ് സ്‌ക്കൂളുകളില്‍ പെട്ട സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാലയങ്ങളിലാണ് ഇത്തരത്തില്‍ കുട്ടികള്‍ക്കെതിരെയുളള മനുഷ്യാവകാശ സംഘനങ്ങള്‍ നടക്കുന്നതിലേറെയും.

സ്വകാര്യ മാനേജ്‌മെന്റ് സ്‌ക്കൂളുകളില്‍ വിദ്യാഭ്യാസം വീണ്ടും വീണ്ടും കച്ചവടമായി മാറുകയാണ്. വാര്‍ത്തകള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോഴും ഇതിനെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാകാത്ത സമീപനവും സംശയാവഹമാണ്.

അതുകൊണ്ടു തന്നെ കച്ചവടത്തിന് അപ്പുറമാണ് വിദ്യാഭ്യാസം എന്ന സത്യം മനസിലാക്കാന്‍ പ്രൈവറ്റ് മാനേജ്‌മെന്റ് സ്‌ക്കൂളുകള്‍ മറന്നു പോയതിന്റെ വിപത്തായി ഇതിനെയും കാണാം!