ബേക്കറി മോശം എന്ന് ചിത്രീകരിക്കാന്‍ ശ്രമം, നഗരസഭാ ഉദ്യോഗസ്ഥന്‍ സി സി ടി വിയില്‍ കുടുങ്ങി

ബേക്കറി മോശം എന്ന് ചിത്രീകരിക്കാന്‍ ശ്രമം, നഗരസഭാ ഉദ്യോഗസ്ഥന്‍ സി സി ടി വിയില്‍ കുടുങ്ങി

കോട്ടയം ∙ ബേക്കറിയിൽ മോശം ഭക്ഷണമെന്നു ചിത്രീകരിക്കാന്‍  നഗരസഭ ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥൻ കാണിച്ച തട്ടിപ്പ്  സിസിടിവി ക്യാമറയിൽ  കുടുങ്ങി. ഉദ്യോഗസ്ഥനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു ഹോട്ടൽ ഉടമയും അസോസിയേഷനുകളും കലക്ടർക്കും നഗരസഭയ്ക്കും നിവേദനം നൽകി.

കോട്ടയം നഗരത്തിലെ ഹോട്ടൽ ആര്യാസ് ഗ്രാന്റ് ബേക്കറിയിൽ നടത്തിയ പരിശോധനയിലാണ് ഉദ്യോഗസ്ഥരുടെ തട്ടിപ്പ് വെളിവായത്. എയർ കണ്ടീഷണറിൽ പ്രവർത്തിക്കുന്ന ഹോട്ടലിന്റെ അടുക്കള ഭാഗത്തു പരിശോധന നടത്തുന്നതിനിടെ കേക്കുകൾ സൂക്ഷിക്കുന്ന റാക്കിൽ നിന്നു കേക്കുകൾ ഉദ്യോഗസ്ഥൻ നിലത്തേക്കു വലിച്ചിടുന്നതു ക്യാമറ  ദൃശ്യം വ്യക്തമാക്കുന്നു. തുടർന്നു കേക്കുകൾ വൃത്തിഹീനമായി നിലത്ത് ഇരിക്കുകയാണ് എന്നുപറഞ്ഞു തുടർന്നു നടപടികൾ സ്വീകരിക്കുകയായിരുന്നുവെന്ന് ബേക്കറി ഉടമ അറിയിച്ചു.

ഒരിക്കലും ഇത്തരം സാഹചര്യം ഉണ്ടാവില്ലെന്നു പറഞ്ഞു ആരോഗ്യ വിഭാഗം ജീവനക്കാരെ അറിയിച്ചെങ്കിലും ‘പൂട്ടിക്കും’ എന്ന മറുപടിയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നു ലഭിച്ചതെന്നു ഹോട്ടൽ ഉടമ പറഞ്ഞു. തങ്ങളെ കൂട്ടാതെയാണ് ഉദ്യോഗസ്ഥർ‌ പരിശോധനക്കായി അകത്തു കയറിയതെന്നും തുടർന്നു കള്ളത്തരം കാണിക്കുകയാണ് ചെയ്തതെന്നും ഉടമ പറ‍ഞ്ഞു.

ഇത്തരം സാഹചര്യം ഉണ്ടാവില്ലെന്നു ഉറപ്പുള്ളതിനാൽ സിസിടിവി കാമറയിലെ ദൃശ്യങ്ങൾ പരിശോധിക്കുകയും കള്ളത്തരം കണ്ടെത്തുകയാണ് ചെയ്തതെന്നും പറയുന്നു. കടകളിൽ എത്തിയവരെയെല്ലാം ടിവിയിലൂടെ ഈ ദൃശ്യങ്ങൾ കാണിച്ചു കടയുടമ സംഭവം വിവരിക്കുകയും ചെയ്തു.