സോളാര്‍ കേസ് : നടപടിയില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എ ഹേമചന്ദ്രന്‍

സോളാര്‍ കേസ് : നടപടിയില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എ ഹേമചന്ദ്രന്‍

തിരുവനന്തപുരം: സോളാര്‍ കേസ് അന്വേഷണ റിപ്പോര്‍ട്ടില്‍ രൂക്ഷ വിമര്‍ശനമുള്ള അന്നത്തെ അന്വേഷണ സംഘ തലവന്‍ ഡി.ജി.പി എ ഹേമചന്ദ്രന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

അന്വേഷണ സംഘത്തലവനായിരുന്ന ഡി.ജി.പി ഹേമചന്ദ്രന്‍ കമ്മിഷന്‍ നടപടിയെ നിശിതമായി വിമര്‍ശിച്ച് കൊണ്ട് കമ്മീഷന്‍ സിറ്റിങ്ങില്‍ സത്യവാങ്മൂലം നല്‍കിയുന്നു. തെറ്റിദ്ധാരണാജനകമായ ചോദ്യങ്ങളിലൂടെയും പ്രസ്‌ക്തമായ വസ്തുതകള്‍ മറച്ചുവച്ചും പോലീസ് നടപടികളില്‍ കുറ്റം കണ്ടെത്താന്‍ കമ്മിഷന്‍ വ്യഗ്രത കാണിക്കുന്നുവെന്നായിരുന്നു സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

ഐപിഎസ് ഉദ്യോഗസ്ഥരായ എ ഹേമചന്ദ്രന്‍, കെ പത്മകുമാര്‍, ഡിവൈഎസ്പി ഹരികൃഷ്ണന്‍ എന്നിവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തിയ ജസ്റ്റീസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് നേതൃത്വം നല്‍കിയ എ ഹേമചന്ദ്രന്‍ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയടക്കമുള്ളവരുടെ പങ്ക് കേസില്‍ നിന്ന് മറച്ചുവച്ചുവെന്നായിരുന്നു കമ്മീഷന്റെ കണ്ടെത്തല്‍. കമ്മീഷന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ എ ഹേമചന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരേ അന്വേഷണം നടത്താനും ഇതിന്റെ ഭാഗമായി വഹിക്കുന്ന ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്താനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് തലവനായിരുന്ന ഡിജിപി ഹേമചന്ദ്രനെ കെഎസ്ആര്‍ടിസി സിഎംഡിയായി മാറ്റി നിയമിക്കുകയായിരുന്നു. ആദ്യമായാണ് ഡിജിപി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍ കെഎസ്ആര്‍ടിസിയുടെ തലപ്പത്ത് വരുന്നത്.

ഉമ്മന്‍ചാണ്ടിയെ ക്രിമിനല്‍ കുറ്റത്തില്‍ നിന്നും രക്ഷപെടുത്തുവാന്‍ പ്രത്യേക അന്വേഷണ സംഘം കുത്സിത ശ്രമങ്ങള്‍ നടത്തിയെന്നായിരുന്നു അന്വേഷണസംഘത്തിനെതിരെയുള്ള കമ്മീഷന്റെ റിപ്പോര്‍ട്ട്. എഡിജിപി കെ പത്മകുമാറിനെയും ക്രമസമാധാന ചുമതലയില്‍ നിന്നും സര്‍ക്കാര്‍ നീക്കിയിരുന്നു. മാര്‍ക്കറ്റ്‌ഫെഡ് എംഡിയായാണ് പത്മകുമാറിനെ നിയമിച്ചത്.

ഹേമചന്ദ്രന്‍ സമര്‍പ്പിച്ച ഈ സത്യവാങ്മൂലമാണ് കമ്മിഷനെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ തിരിയാന്‍ പ്രേരിപ്പിച്ചതെന്നാണ് സംഘത്തിന്റെ ആക്ഷേപം.ഈയൊരു സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനായി ഹേമചന്ദ്രന്‍ എത്തിയത്. സോളാര്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അന്വേഷണ സംഘത്തലവനായിരുന്ന ഹേമചന്ദ്രനെ കെ.എസ്.ആര്‍.ടി.സി എം.ഡിയായി നിയമിച്ച് തരംതാഴ്ത്തിയിരുന്നു. സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികളിലേക്ക് പോവാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതിനിടെയാണ് കൂടിക്കാഴ്ച.