10 വര്‍ഷത്തെ തടവുശിക്ഷ പൂര്‍ത്തിയാക്കിയ 209 തടവുകാരെ ശിക്ഷായിളവ് നല്‍കി വിട്ടയച്ച നടപടി ഹൈക്കോടതി റദ്ദാക്കി

10 വര്‍ഷത്തെ തടവുശിക്ഷ പൂര്‍ത്തിയാക്കിയ 209 തടവുകാരെ ശിക്ഷായിളവ് നല്‍കി വിട്ടയച്ച നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 209 തടവുകാരെ ശിക്ഷായിളവ് നല്‍കി വിട്ടയച്ച നടപടി ഹൈക്കോടതി റദ്ദാക്കി. 10 വര്‍ഷത്തെ തടവുശിക്ഷ പൂര്‍ത്തിയാക്കിയവരെ വിട്ടയച്ച്‌ 2011 ല്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവാണ് റദ്ദാക്കിയത്.

കൊടും ക്രിമിനലുകള്‍ക്ക് പോലും ശിക്ഷായിളവു നല്‍കുന്നെന്ന് ആരോപിച്ച്‌ തൃശൂര്‍ സ്വദേശി പി.ഡി. ജോസഫ് നല്‍കിയ ഹര്‍ജിയും ഒഴിവാക്കപ്പെട്ട ചില തടവുകാരുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജികളും പരിഗണിച്ചാണ് ഉത്തരവ്.

വധശിക്ഷ ജീവപര്യന്തമാക്കിയവര്‍ക്കും ജീവപര്യന്തക്കാര്‍ക്കും 14 വര്‍ഷമെങ്കിലും കഴിയാതെ ശിക്ഷായിളവ് നല്‍കരുതെന്ന ക്രിമിനല്‍ നടപടി ചട്ടത്തിലെ 433 എ വകുപ്പ് പാലിക്കാതെയാണ് ഉത്തരവെന്ന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ച് വിലയിരുത്തി. 2011 ഫെബ്രുവരി 18 ലെ ഉത്തരവ് പ്രകാരം മോചിതരായെങ്കിലും ഗവര്‍ണറുടെ പുതിയ ഉത്തരവ് വരുന്നതുവരെ ഇവരെ വീണ്ടും തടവിലാക്കാന്‍ നിര്‍ദ്ദേശിക്കുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

209 പ്രതികളുടെയും ശിക്ഷായിളവിന്റെ കാര്യം ആറ് മാസത്തിനകം സര്‍ക്കാരും ഗവര്‍ണറും പുതുതായി പരിഗണിച്ച്‌ തീരുമാനമെടുക്കണം. ഇല്ലെങ്കില്‍ ഇവര്‍ ബാക്കി ശിക്ഷ അനുഭവിക്കണമെന്നും ഉത്തരവുണ്ട്. മോചിതരായ ശേഷം ഏഴു വര്‍ഷത്തെ ഇവരുടെ പെരുമാറ്റം കൂടി കണക്കിലെടുത്ത് ശിക്ഷായിളവിന്റെ കാര്യം തീരുമാനിക്കാം.