സര്‍ക്കാര്‍ ജീവനക്കാരുടെ ശൂന്യവേതനാവധി തട്ടിപ്പിന് സെക്രട്ടറിയേറ്റിലും ജില്ലാതല ഓഫീസുകളിലും വന്‍ലോബി

webdesk-387-fjdew-maya
സര്‍ക്കാര്‍ ജീവനക്കാരുടെ ശൂന്യവേതനാവധി തട്ടിപ്പിന് സെക്രട്ടറിയേറ്റിലും ജില്ലാതല ഓഫീസുകളിലും വന്‍ലോബി

തിരുവനന്തപുരം : ജീവനക്കാര്‍ക്ക് വിദേശ രാജ്യങ്ങളില്‍ പോകാന്‍ വേണ്ടി സര്‍ക്കാര്‍ വേതനമില്ലാതെ അവധി അനുവദിക്കുന്നുണ്ട്. പല വകുപ്പുകളിലും ജീവനക്കാര്‍ ഈ സൗകര്യം വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് അവധിയുടെ കാലാവധി അഞ്ച് കൊല്ലമായി നിജപ്പെടുത്തി. അഞ്ച് കൊല്ലം കഴിഞ്ഞും ജോലിക്ക് ഹാജരാകാത്തവര്‍ക്ക് ആറ് മാസത്തിന് ശേഷം സര്‍ക്കാര്‍ നോട്ടീസ് നല്‍കും. മൂന്ന് മാസത്തിനകം മറുപടി നല്‍കണമെന്നാണ് വ്യവസ്ഥ. അപ്പോള്‍ തന്നെ വീണ്ടും ഒന്‍പത് മാസം കൂടി ജീവനക്കാര്‍ക്ക് ലഭിക്കും. ഇത്തരത്തില്‍ മൂന്ന് നോട്ടീസുകള്‍ നല്‍കാന്‍ സര്‍ക്കാരിന് വകുപ്പുണ്ട്. ഈ മൂന്ന് നോട്ടീസുകളുടെയും കാലാവധി കഴിയുമ്പോഴേക്കും രണ്ട് വര്‍ഷത്തോളം ലഭിക്കുകയാണ് ഫലത്തില്‍ ഇവര്‍ക്ക്. പിന്നീട് ജീവനക്കാരുടെ പ്രദേശമുള്‍ക്കൊളളുന്ന എഡിഷനുകളിലെ പത്രങ്ങളില്‍ അന്ത്യശാസനവും നല്‍കുന്ന ചടങ്ങ് നടക്കുന്നു. ഇത് വന്ന് പതിനഞ്ച് ദിവസത്തിനകവും ഇവര്‍ ഹാജരായില്ലെങ്കില്‍ ഇവരെ സര്‍വീസില്‍ നിന്ന് പിരിച്ച് വിടുന്നു എന്നാണ് ചട്ടം.
നോട്ടീസ് നല്‍കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥരാണ് ജീവനക്കാരില്‍ നിന്ന് വന്‍തുകകള്‍ കോഴവാങ്ങി ഇവരെ സംരക്ഷിക്കുന്നത്. പലപ്പോഴും നേരത്തെ അവധിയില്‍ പ്രവേശിച്ചവരുടെ നോട്ടീസ് മനപ്പൂര്‍വ്വം ഇവര്‍ വൈകിപ്പിക്കുന്നു. കൂടാതെ അവധിയിലുളളവരാകട്ടെ നോട്ടീസ് കൈപ്പറ്റാതെയും സര്‍ക്കാരിനെ കബളിപ്പിക്കുന്നു. പോസ്റ്റ്മാന് കൈമടക്ക് നല്‍കി പലപ്പോഴും നോട്ടീസുകള്‍ തിരികെ അയക്കുന്നു. അധികാരപ്പെട്ട ഉദ്യോഗസ്ഥര്‍ പലപ്പോഴും വന്‍തുകകള്‍ കോഴവാങ്ങി സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കാനും കൂട്ട് നില്‍ക്കുന്നുണ്ട്.
ആരോഗ്യവകുപ്പ് പോലുളള അവശ്യസര്‍വീസ് മേഖലകളിലാണ് ശൂന്യവേതനാവധിയുടെ ആനൂകൂല്യം പറ്റി ജീവനക്കാര്‍ വന്‍ ശമ്പളത്തില്‍ വിദേശങ്ങളില്‍ പണിയെടുക്കുന്നത്. അമ്പത് വയസിനോടടുക്കുമ്പോള്‍ സര്‍വീസില്‍ തിരിച്ചെത്തി ഇവിടെ നിന്നുളള റിട്ടയര്‍മെന്റ് ആനൂകൂല്യങ്ങളും പറ്റുന്നു. ജനങ്ങളെ സേവിച്ചവര്‍ക്കല്ലേ ആനൂകൂല്യങ്ങള്‍ക്ക് അര്‍ഹത എന്ന ചോദ്യം ഇവിടെ ഉയരുന്നുണ്ട്.
ആവശ്യത്തിന് ജീവനക്കാരില്ലാതെ ജനങ്ങളും സര്‍ക്കാരും ബുദ്ധിമുട്ടുന്നു. സര്‍ക്കാര്‍ കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ തേടുന്നു. ഇവരെ സ്ഥിരപ്പെടുത്താനോ ഇവര്‍ക്ക് മതിയായ ആനൂകൂല്യങ്ങള്‍ നല്‍കാനോ വകുപ്പുമില്ല.
കൂടാതെ ഇവര്‍ ഇവിടുത്തെ തൊഴിലില്ലാപ്പടയോട് ചെയ്യുന്ന നെറികേടും കണ്ടില്ലെന്ന് നടിക്കരുത്. ലക്ഷങ്ങള്‍ ജോലിയ്ക്കായി അലയുമ്പോള്‍ സര്‍ക്കാര്‍ ആനൂകൂല്യത്തിന്റെ ശീതളച്ഛായയില്‍ കഴിയുന്ന ഈ തട്ടിപ്പുകാരെ തിരിച്ചറിയേണ്ടതുണ്ട്. ഇവര്‍ പുറത്ത് പോയാല്‍ കുറച്ച് പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നതോടൊപ്പം ഇവിടുത്തെ സാധാരണ ജനങ്ങള്‍ക്ക് മികച്ച സേവനവും ലഭിക്കും. കൂടാതെ സര്‍ക്കാരിന്റെ ഖജനാവ് ചോരുന്നതും തടയാനാകും.
അധികാരികളുടെ മൂക്കിന് താഴെ നടക്കുന്ന ഈ കളികള്‍ അധികാര സ്ഥാനത്ത് ഇരിക്കുന്നവര്‍ അറിയാതെ ആകില്ല എന്നത് തീര്‍ച്ചയാണ്. സര്‍വീസ് സംഘടനകളുടെ കൂടി പിന്‍ബലം ഈ തട്ടിപ്പിന് ഉണ്ടെന്ന് വേണം കരുതാന്‍. തട്ടിപ്പുകാരെ കണ്ടെത്തി നടപടി സ്വീകരിക്കാനുളള ആര്‍ജ്ജവം ഇനിയെങ്കിലും സര്‍ക്കാര്‍ കാണിക്കണം.