കോട്ടേഷന്‍ സംഘങ്ങളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ;അന്വേഷണം ഡോട്ട് കോം ഇന്‍വേസ്റ്റിഗേഷന്‍ കണ്ടെത്തിയ വിവരങ്ങള്‍!

കോട്ടേഷന്‍ സംഘങ്ങളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ;അന്വേഷണം ഡോട്ട് കോം ഇന്‍വേസ്റ്റിഗേഷന്‍ കണ്ടെത്തിയ വിവരങ്ങള്‍!

സംസ്ഥാനത്ത് ഗുണ്ട സംഘങ്ങള്‍ പെരുകുന്നതായി അന്വേഷണം ഡോട്ട്  കോം കണ്ടെത്തി. എറണാകുളം, തിരുവനന്തപുരം, തൃശൂര്‍ ,കണ്ണൂര്‍ ജില്ലകളില്‍ കോട്ടേഷന്‍ മാഫിയകള്‍ വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇത് സത്യമാണോയെന്നറിയാന്‍ ഞങ്ങള്‍ നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. 

നഗരങ്ങളിലെ ചില ഫിനാന്‍സ് സ്ഥാപനങ്ങളാണ് ഇത്തരം കോട്ടേഷന്‍ മാഫിയകളെ വളര്‍ത്തുന്നത്. അതുകൊണ്ട് തന്നെ ഞങ്ങളുടെ യാത്രയും അവരിലേക്കെത്താന്‍ ചില പ്രമുഖ ഫിനാന്‍സ് സ്ഥാപനങ്ങള്‍ കേന്ദീകരിച്ചായിരുന്നു.

പല ഫിനാന്‍സ് സ്ഥാപനങ്ങളിലും പലിശ മുടങ്ങിയവരെ ഭീഷണിപെടുത്തി പണം തിരികെ മേടിച്ചെടുക്കാനും തവണ മുടങ്ങിയ വണ്ടികള്‍ പിടിച്ചെടുക്കാനും ഇത്തരം സംഘങ്ങളെ ഉപയോഗിക്കുന്നു.

കൂടാതെ ചെയ്യുന്ന കോട്ടേഷന് പ്രതിഫലമായി പണവും മദ്യവും  പല സൗകര്യങ്ങളും നല്‍കി സംരക്ഷിക്കുന്നതായും അറിയാന്‍ കഴിഞ്ഞു. പിന്നീട് ഒരു ഇടനിലക്കാരന്‍ വഴിയാണ് കോട്ടേഷന്‍ സംഘത്തെ കുറിച്ചുളള കൂടുതല്‍ വിവിരങ്ങള്‍ ലഭിച്ചത്. 

റിപ്പോര്‍ട്ടര്‍ ; ചേട്ടാ നമുക്ക് ഒരാളെ പേടിപ്പിക്കണമായിരുന്നു.
ഇടനിലക്കാരന്‍; പേടിപ്പിച്ചാല്‍ മാത്രം മതിയോ തല്ലുകയോ കാലോടിക്കുകയോ വല്ലതും.
റിപ്പോര്‍ട്ടര്‍; അതൊന്നും വേണ്ട. പക്ഷേ നമ്മളാണെന്ന് അറിയരുത്.
ഇടനിലക്കാരന്‍;  അതൊന്നും ആരും അറിയില്ല. പൈസയുണ്ടോ? 

ഇങ്ങനെ പോയ പോയ സംസാരത്തില്‍ ഇടനിലക്കാരന്‍ വെളിപ്പെടുത്തിയ സത്യങ്ങള്‍ ഇങ്ങനെ.

 25000 രൂപയാണ് ഏറ്റവും ചെറിയ കോട്ടേഷന് ഈടാക്കുന്നത്. പിന്നീട് അങ്ങോട്ട് കോട്ടേഷന്റെ സ്വഭാവം പോലെയാണ് കമ്മീഷന്‍. പല രീതിയിലാണ് ഇവര്‍ ഗുണ്ടാക്രമണം നടത്തുന്നത്. ആളെ കാട്ടികൊടുത്താല്‍ അവരെ തനിച്ച് കിട്ടുന്നവരെ പുറകെ പിന്തുടരുന്നു.

പിന്നീട് നിസാരകാരണങ്ങള്‍ ഉണ്ടാക്കി കോട്ടേഷന്‍ സംഘങ്ങള്‍ ക്രൂരമായി മര്‍ദ്ദിച്ച ശേഷം രക്ഷപ്പെടുന്നു. ആര്‍ക്ക് വേണ്ടിയെന്നോ എന്തിന് വേണ്ടിയെന്നോ ഇവര്‍ മര്‍ദ്ദിക്കുന്ന ആളോട് പറയുകയില്ല.

കാരണമായി മര്‍ദ്ദിക്കുന്ന ആളോട് പറയുന്നതാകട്ടെ കോട്ടേഷന്‍ സംഘവും അയാളും തമ്മിലുളള ഇപ്പോള്‍ ഉടലെടുത്ത വിഷയവും. അതേസമയം കോട്ടേഷന്‍ ഏല്‍പ്പിച്ച ആളെ കാണിക്കാന്‍ ആക്രമണത്തില്‍ അവശനായി കിടക്കുന്ന ആളുടെ ഒരു ചിത്രം എടുത്ത് വാട്‌സ് ആപ്പ്‌ ചെയ്ത് കൊടുക്കുന്നതോടു കൂടി എല്ലാം അവസാനിക്കുന്നു. 

കോട്ടേഷന്‍ സംഘത്തില്‍ കൂടുതലും 18 നും  25 നും ഇടയിലുളള യുവാക്കളാണ്. പലരും പല കേസുകളിലും പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുളളവരാണ്. ക്രിമിനല്‍ പശ്ചാത്തലമുളള ഇവരുടെ സംസാരത്തില്‍ പോലും ആക്രമണത്തിന്റെ ചുവയാണുളളത്. അശ്ലീല വാക്കുകളും ഭീഷണിയുടെ സ്വരവും മാത്രമല്ല പലരും മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും അടിമകളാണ്.

കൈ വെട്ടാനും കാലുവെട്ടാനും ജീവനെടുക്കാനും മടിയില്ലാത്ത ഇത്തരം കോട്ടേഷന്‍ സംഘങ്ങളെ പോലീസ് കണ്ടെത്താന്‍ ശ്രമിക്കാത്തതിന്റെ പരിണിതഫലമാണ് വര്‍ദ്ധിച്ച് വരുന്ന ഗുണ്ടാക്രമണങ്ങള്‍.

പല കോട്ടേഷന്‍ ആക്രമണത്തിലും കൊല്ലപ്പെട്ടവരില്‍ കൂടുതല്‍ നിയമത്തിന്റെ നീതി കിട്ടാത്തവരാണ്. പല ആക്രമണങ്ങളും എങ്ങനെ സംഭവിച്ചുവെന്നോ ഇതിന് പിന്നിലാരായിരുന്നുവെന്നോ ഉറപ്പിച്ച് പറയാന്‍ ഇപ്പോഴും കഴിയാത്ത നിരവധി കേസുകള്‍.

ഒരു പരിചയവും മില്ലാത്ത അക്രമിക്ക് തന്നോട് എങ്ങനെ ഇത്രയും വിരോധമുണ്ടായി എന്നാണ് ഇവരില്‍ ജീവിച്ചിരിക്കുന്ന ചിലര്‍ ചോദിക്കുന്നത്. പലരും പേടിച്ചിട്ട് കേസിന് പുറകെ പോലും പോകാന്‍ മടിച്ചവരെയും  ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞു.

 ഇവരുടെ ആക്രമണത്തില്‍ അംഗവൈകല്യം സംഭവിച്ചവരും കുടുംബം നഷ്ടപ്പെട്ടവരും നിരവധി. കോട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ ആഭ്യന്തരവകുപ്പ് കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകാത്തിടത്തോളം കാലം ഇവര്‍ ഉയര്‍ത്തുന്ന ഭീഷണി മാറ്റമില്ലാതെ തുടര്‍ന്നു കൊണ്ടിരിക്കും.