ജി.എസ്.ടിയുടെ മറവില്‍  സിനിമാ തിയേറ്ററുകളിൽ ടിക്കറ്റ് വില കൂടി

ജി.എസ്.ടിയുടെ മറവില്‍  സിനിമാ തിയേറ്ററുകളിൽ ടിക്കറ്റ് വില കൂടി

തൃശ്ശൂർ: ജി.എസ്.ടി. നടപ്പാക്കിയതോടെ സിനിമാ തിയേറ്ററുകളിൽ ടിക്കറ്റ് വില കുറയേണ്ടതിന് പകരം കൂടി. കേരള സംസ്ഥാന ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷന് കീഴിൽ പ്രവർത്തിക്കുന്ന തിയേറ്ററുകളിൽ മാത്രമാണ് ആനുപാതികമായ കുറവുണ്ടായത്.

കൈരളി, ശ്രീ, നിള, ചിത്രാഞ്ജലി തുടങ്ങിയ തിയേറ്ററുകളിൽ മുന്തിയ ടിക്കറ്റിന് അഞ്ച് രൂപയും താഴ്‌ന്ന ടിക്കറ്റിന് മൂന്ന് രൂപയും കുറച്ചു. എന്നാൽ, സ്വകാര്യ തിയേറ്ററുകളിൽ നിരക്ക് വർധിച്ചു.

ജി.എസ്.ടി. വന്നതോടെ തിയേറ്ററുകൾ തദ്ദേശ സ്ഥാപനങ്ങൾക്ക് നല്കിയിരുന്ന നികുതി ഇല്ലാതായി. കോർപ്പറേഷൻ പരിധിയിൽ 25, മുനിസിപ്പാലിറ്റിയിൽ 20, പഞ്ചായത്തിൽ 15 എന്നിങ്ങനെയായിരുന്നു വിനോദ നികുതി ശതമാനത്തിൽ ഈടാക്കിയിരുന്നത്. ഇതിന് പകരമായി 18 ശതമാനം ജി.എസ്.ടി. നടപ്പാക്കി. നൂറു രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റിന് 28 ശതമാനമാണ് ജി.എസ്.ടി.

100 രൂപയുള്ള ടിക്കറ്റിന് ജി.എസ്.ടി. നിയമപ്രകാരം 25 രൂപ വിനോദനികുതി കുറച്ച് 18 രൂപ കൂട്ടുകയാണ് വേണ്ടത്. ഇതോടെ നിരക്കിൽ ഏഴ് രൂപ കുറയും. എന്നാൽ, മിക്ക തിയേറ്റർ ഉടമകളും നിലവിലുണ്ടായിരുന്ന ചാർജിന്മേൽ ജി.എസ്.ടി. കൂടി കൂട്ടുകയാണുണ്ടായത്. ഇതിനോടൊപ്പം മെയ്ന്റനൻസ് ചാർജ് കൂടി ഉൾപ്പെടുത്തും.

ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷന് കീഴിൽ പ്രവർത്തിക്കുന്ന തിയേറ്ററുകളിൽ ടിക്കറ്റ് വില നൂറിന് താഴെ പിടിച്ചു നിർത്താൻ താഴ്‌ന്ന ടിക്കറ്റിന് പ്രവേശന ചാർജ് 94 രൂപയിൽ നിലനിർത്തി. ഇതിനാൽ 18 ശതമാനം നികുതി നല്കിയാൽ മതി.

റിസർവേഷന്റെ പേരിലും തട്ടിപ്പ് നടത്തുന്നുണ്ട്. റിസർവ് ചെയ്യുന്ന ടിക്കറ്റിന് ജി.എസ്.ടി. ഉൾപ്പെടുന്ന ടിക്കറ്റ് വിലയും റിസർവേഷൻ ചാർജും റിസർവേഷൻ ചാർജിന്റെ 18 ശതമാനം ഇന്റഗ്രേറ്റ‍ഡ് ജി.എസ്.ടി.യുമാണ് നല്കേണ്ടത്. എന്നാൽ, ടിക്കറ്റിൽ വില + റിസർവേഷൻ ചാർജ്+ ജി.എസ്.ടി. എന്ന് കാണിച്ച് ജി.എസ്.ടി. ഉൾപ്പെടുന്ന ടിക്കറ്റ് വിലയോടൊപ്പം റിസർവേഷൻ ചാർജ് ചേർത്ത് മൊത്തം തുകയ്ക്ക് വീണ്ടും ജി.എസ്.ടി ഇൗടാക്കുന്നുണ്ട്.

ജി.എസ്.ടി.യുടെ പേരിൽ തിയേറ്ററുകളിൽ കാര്യമായി നിരക്ക് വർധിപ്പിച്ചിട്ടില്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഒാർഗനൈസേഷൻ ഒാഫ് കേരള ജനറൽ സെക്രട്ടറി എം.സി. ബോബി പറഞ്ഞു.

നിരക്ക് അഡ്‌ജസ്റ്റ് ചെയ്യാൻ മൂന്നോ നാലോ രൂപയുടെ വ്യത്യാസം മാത്രമാണ് വരുത്തിയിരിക്കുന്നത്. ചില്ലറയുടെ പ്രശ്നം ഒഴിവാക്കാനാണിത്. വൻ തോതിൽ ചാർജ് കൂട്ടിയ തിയേറ്ററുകളുമായി സംഘടനയ്ക്ക് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.