വരയുടെ തമ്പുരാൻ

വരയുടെ തമ്പുരാൻ

വർണ്ണ വ്യവസ്ഥയുടെ നിയമങ്ങൾ നിലാവിലലിഞ്ഞ മഞ്ഞിൻ കണങ്ങൾ പോൽ ആർദ്രമായി നമുക്ക് മുൻപിൽ വന്നണയുമ്പോൾ അത്ഭുതം സമ്മാനിക്കുന്നൊരമ്പരപ്പിന്റെ വഴികളിലൂടെ മാത്രമേ നമുക്ക് ഈ ചിത്രങ്ങളിലൂടെ സഞ്ചരിക്കാനാകൂ.പ്രകൃതിയുടെ സൗന്ദര്യവും, വിശുദ്ധിയും പോലെ ചിത്ര രചനയിലെ ആത്മാർഥതയും, അശ്രാന്ദത പരിശ്രമവും മറവിയുടെയും, അവ​ഗണനയുടെയും ഒാളപ്പരപ്പിൽ മുങ്ങി ആരാലും കാണാതെ അടിത്തട്ടിലലിഞ്ഞു പോകരുതെന്ന ദൃഡന്ശ്ചയം ഈ കലാകാരൻ സൂക്ഷിക്കുമ്പോൾ നമുക്ക് മുൻപിൽ തെളിയുന്നത് ജീവസുറ്റ , മിഴിവാർന്ന ചിത്രങ്ങളാണ്.

കൺമുന്നിൽ കണ്ട ചിത്രത്തിന് ജീവനുണ്ടോ? സദു അലിയൂർ എന്ന ചിത്രകാരന്റെ ചിത്രങ്ങൾ എല്ലാം അങ്ങനെ നമ്മെക്കൊണ്ട് ചിന്തിപ്പിക്കും. ഉള്ളിൽ തുടിക്കുന്ന ഹൃദയമുള്ള അവയ്ക്കെങ്ങനെ ജീവനില്ലാതായിത‌ീരാൻ കഴിയും. പ്രകൃതിയുടെ വിസ്മയങ്ങളെ കാൻവാസിലേക്കാവാഹിച്ച് കാഴ്ച്ചക്കാരന്റെ കണ്ണുകളിൽ വിസ്മയം തീർക്കാൻ ആ വിരൽത്തുമ്പിലെ വിസ്മയ പ്രവാഹത്തിന് അപാരമായ കഴിവാണുള്ളത്.

വിരൽത്തുമ്പൊന്നുലഞ്ഞാൽ, വർണ്ണമഴ പെയ്യിക്കുന്ന നേർത്ത ബ്രഷൊന്നു താളം തെറ്റിയാൽ എല്ലാം തീർന്നു........പിന്നെ എല്ലാം ആദ്യം മുതൽ തുടങ്ങേണ്ടിവരും. കോട്ടങ്ങൾ തട്ടാതെ പൂർത്തീകരിച്ചാൽ മിഴിവുറ്റതും, കയ്യും മനവും അശ്രദ്ധയിലൂടൊന്നുലഞ്ഞാൽ വികൃതമായി തീരാവുന്നതുമാണ് ജലച്ഛായാ ചിത്രങ്ങൾ. ഇങ്ങനെ വെല്ലുവിളികൾ ഏറെയുള്ളൊരു മേഖലയിലാണ് സദു അലി തന്റെ കഴിവ് തെളിയിച്ചിരിക്കുന്നത്. 

ജലച്ഛായാ രം​ഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സദു അലിയൂർ ജനിച്ചത് കോഴിക്കോട് ജില്ലയിലെ അഴിയൂരെന്ന ​ഗ്രാമത്തിലാണ്. പ്രാഥമിക വിദ്യാഭ്യാസത്തിനി ശേഷം തലശ്ശേരിയിലെ ആർട്സ് സ്കൂളിൽ  നിന്നും ചിത്രരചനയിൽ ഡിപ്ലോമ നേടിയ ഇദ്ദേഹത്തിന് വർഷങ്ങളോളം ചിത്രകലാ അദ്ധ്യാപകനായും, ഇന്റീരിയർ ഡിസൈനറായും പ്രവർത്തിച്ച് പരിചയമുണ്ട്. കലയിൽ വെള്ളം ചേർക്കാൻ ഇഷ്ടമില്ലാത്ത ഈ ചിത്രകാരൻ ചിത്രകലയ്ക്ക് വേണ്ടി എത്ര കഷ്ടപാടുകളും, ത്യാ​ഗങ്ങളും സഹിക്കാൻ തയ്യാറാണെന്ന് സാക്ഷ്യപ്പെടുത്തുന്നു.

ചിത്രകലയിൽ യാതൊരുവിധ വിടട്ടുവീഴ്ച്ചകൾക്കും തയ്യാറാകാത്ത ഇദ്ദേഹം അതിനായി ഉപയോ​ഗിക്കുന്നത് വിപണിയിൽ ലഭ്യമായിട്ടുള്ളതിൽ വച്ച് ഏറ്റവും ​ഗുണമേൻമ അവകാശപ്പെടാവുന്ന വസ്തുക്കളാണ്. ചിത്രകലക്കായി ഉപയോ​ഗിക്കുന്ന ബ്രഷുകളും, കാൻവാസുകളും, ആർച്ചസ് എന്നറിയപ്പെടുന്ന ഏറ്റവും മുന്തിയ പേപ്പറുകളും ഫ്രാൻസിൽ നിന്നും എത്തിക്കുന്നവയാണ്. ഉപയോ​ഗിക്കുന്ന വസ്തുക്കളുടെ നിലവാരം വരയ്ക്കുന്ന ചിത്രത്തെയും, അതിന്റ കാലപ്പഴക്കത്തെയും നിർണ്ണയിക്കുന്ന സുപ്രധാന ഘടകമാണെന്നും അനുഭവങ്ങളുടെ തീച്ചൂളകൾ താണ്ടിയ  അലിയൂർ പറയുന്നു. 

സദു അലിയൂർ എന്ന ചിത്രകാരന്റെ ആത്മാർഥതക്കും കഠിനാധ്വാനത്തിനും ഉള്ള പ്രതിഫലമായി അദ്ദേഹത്തെ തേടിയെത്തിയത് 2012 ലെ ലളിത കലാ അക്കാദമിയുടെ ഏറ്റവും നല്ല ജലച്ഛായാ ചിത്രകാരനുള്ള അവാർഡാണ്. കൂടാതെലോകത്തെ ഏറ്റവും നല്ല 200 ജലച്ഛായാ ചിത്രകാരൻമാരെ തെരഞ്ഞെടുക്കാനായി തുർക്കി ആസ്ഥാനമായ ഇന്റർനാഷണൽ വാട്ടർ കളർ സൊസൈറ്റി എന്ന സംഘടന നടത്തിയ കാഠിന്യമേറിയ മത്സരത്തിൽ ഈ അഴിയൂരുകാരൻ പങ്കെടുക്കുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പ്രകൃതി ദൃശ്യമാണ് സദു അലിയൂർ അയച്ചത്, അദ്ദേഹത്തിന്റ തന്നെ ഭാഷയിൽ പറഞ്ഞാൽ വർണ്ണക്കൊഴുപ്പില്ലാത്ത, നിറങ്ങളുടെ സമന്വയത്തിലും കയ്യടക്കത്തിലും പ്രത്യകത പുലർത്തിയ ഏറെക്കുറെ മിഴിവുറ്റൊരു ചിത്രം.ഇദ്ദേഹത്തിന്റെ പ്രിയവർണ്ണങ്ങളായ കടും നീലയും പച്ചയും പത്തരമാറ്റിന്റെ മിഴിവേകിയൊരു ചിത്രം.

കയ്യിൽ കനലെരിയുന്ന പാതി തീർന്ന സി​ഗരറ്റും , ചുണ്ടിനെ നനയ്ക്കുന്ന നീരുറവയായി മദ്യവും കയ്യിലേന്തിയ ചിത്രകാരൻമാരെയാണ് സിനിമകളും , പഴമകളുംഏറെയും നമുക്ക് കാണിച്ച് തന്നിട്ടുള്ളത്. എന്നാൽ വിരലുകൾക്കിടയിൽ എരിഞ്ഞും സ്വയമെരിച്ചും തീരുന്ന സി​ഗരറ്റിനെക്കാൾ നേർത്ത ബ്രഷിനാൽ വിസ്മയം തീർക്കുന്ന ആ വിരലുകൾക്ക് പ്രിയം വർണ്ണങ്ങളുടെ കെട്ടുറപ്പുള്ള ലോകമാണ്. ഈ ചിത്രകാരന്റെ പ്രണയവും , പ്രണയിനിയും കാൻവാസിൽ ഇതൾ വിരിയുന്ന മോഹന ചിത്രങ്ങളാണ്. പ്രകൃതിയുടെ ഊഷ്മളതയെ ആവോളം സ്നേഹിക്കുകയും ഒരു കടലാസിന്റെ വിരിമാറിലേക്കനായാസതയോടെ അവയെ വഴിമാറ്റുകയും ചെയ്യുന്ന ഈ കലാകാരന്റെ സൃഷ്ടികൾ നമ്മെ അത്ഭുതപ്പെടുത്തും. പണ്ടെപ്പോഴോ കേട്ട, പാടിപ്പതിഞ്ഞ കവിതകളുടെ രചയിതാക്കൾ, കാലത്തിന് മുന്നേ ദീർഘയാത്രക്കൊരുപിടി പൊതിച്ചോറുമായി പോയവർ, വറ്റി വരണ്ട മണ്ണിനെ വാരിപ്പുണരാനൊന്നോണം പെയ്യാൻ വിതുമ്പി നിൽക്കുന്ന കാർമേഘങ്ങൾ, തെരുവിന്റെ സന്തതികൾ അങ്ങനെ സദുറിന്റെ കാൻവാസിൽ പിറക്കുന്ന ചിത്രങ്ങൾ ഏതുമാകാം. പ്രകൃതിയിലേക്ക് തുറന്നിട്ടിരിക്കുന്ന കണ്ണും മനസും, തെരുവിന്റെ നിശബ്ദതയെ പോലും ഒപ്പിയെടുക്കുന്ന സൂക്ഷ്മതയും കൈമുതലായുള്ളതിനാൽ രചനക്കായി ക്ഷാമം നേരിടേണ്ടി വന്നിട്ടില്ലെന്ന് ഈ ചിത്രകാരൻ വ്യക്തമാക്കുന്നു., 

ചിത്രരചനയിൽ വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കുന്ന ഇദ്ദേഹത്തിന്  യാത്രകൾ ഹരവും തൊഴിലിന്റെ ഭാ​ഗവുമാണ്. ട്രയിൻ യാത്രകൾ പതിവായതുമുതൽ ജനാലക്കാഴ്ച്ചയിലൂടെ ഒാടിമറയുന്ന സ്വപ്നസമാനമായ നാട്ടിടവഴികളാലും മാസ്മരിക ഭം​ഗിയാലും സദുറിനെ മോഹിപ്പിക്കുന്ന സ്ഥലമാണ് പാലക്കാട്. എന്നെങ്കിലും ഒരിക്കൽ ഒരുപാട് നേരം തന്നെ ഭ്രമിപ്പിച്ച പാലക്കാടിന്റെ ​ഗ്രാമ വഴികളിലൂടെ ഏകനായ് അലഞ്ഞ് നടക്കണമെന്നും പഴം പുരാണങ്ങളും, യക്ഷിക്കഥകളും കുടിയിരിക്കുന്ന എണ്ണിയാൽ തീരാത്ത കടും നിറമാർന്ന കരിമ്പനക്കാടുകൾക്ക് കീഴിലിരുന്ന് ചിത്രരചന 
 നടത്തണമെന്നുമാണ് സദുറിന്റെ ആ​ഗ്രഹം. 

വർണ്ണങ്ങളുമായി കൂട്ടുകൂടിയ കൗമാരകാലത്തുതന്നെ പ്രകൃതിയുടെ വശ്യ മനോഹരവും, രൗദ്രതയാർന്ന മൂർത്തരൂപങ്ങളും വർണ്ണങ്ങളിൽ ചാലിച്ച് കടലാസിന്റെ മനോഹാരിതയിലേക്ക് ആവിഷ്കരിച്ചിരുന്നു. ഏറെ നാളത്തെ പരിശ്രമത്തിനും, കഠിനാധ്വാനത്തിനും ശേഷമാണ് വർമ്ണങ്ങളെ കയ്യടക്കുന്ന രീതി ഒരു പരിധിവരെ തനിക്ക് സ്വായത്തമായതെന്ന് ഈ ചിത്രകാരൻ ഒാർക്കുന്നു. ചിത്രകലയുടെ അറിവുകളെല്ലാം സ്വായത്തമാക്കാനായി അറിയാവുന്ന പ്രസ്ഥാനങ്ങളിലെല്ലാം മുങ്ങാം കുഴിയിട്ട് നീന്തി, യൗവനകാലത്ത് തന്നെ ഇദ്ദേഹം നേടിയെടുത്തത് തലയെടുപ്പുള്ളൊരു ആചാര്യന്റെ പദവിയാണ്. ആദ്യകാലങ്ങളിൽ ജലച്ഛായത്തിന് പുറമേ അക്രിലിക്കും, മറ്റ് ചിത്രരചനാ രീതികളും സദു അലിയൂർ ചെയ്തിരുന്നു. എന്നാൽ ഇടക്കാലങ്ങളിലെന്നോ കണ്ട ഒരു ജലച്ഛായാ ചിത്രമാണ്  ഈ വഴിയിലേക്ക് നടക്കാൻ പ്രേരിപ്പിച്ചത്.

തുടക്കത്തിൽ ജലച്ഛായാ രം​ഗത്ത് കടന്നുവന്നതിന്റെ പേരിൽ ഒട്ടേറെ വിമർശനങ്ങളും നിരുൽസാഹനങ്ങളും നേരിടേണ്ടി വന്ന സദു അലിയൂരിന്റെ  വാട്ടർപെയിന്റിങ്ങുകളും, അതിന്റെ പ്രശസ്തിയും ഇങ്ങ് കൊച്ചുകേരളത്തിൽ മാത്രം ഒതുങ്ങുന്നവയല്ല. അതങ്ങ് കടൽ കടന്നും എത്തി നിൽക്കുന്നു. ഇദ്ദേഹത്തിന്റെ  ചിത്രങ്ങൾ ​ഗവൺമെന്റ് ,ഇതര സ്ഥാപനങ്ങളുടെ ചുമവരുകളിൽ ആകർഷകങ്ങളായി തലയെടുപ്പോടെ നിൽക്കുന്നു. ചിത്രരചനക്കായി ഉപയോ​ഗിക്കുന്ന ഉപാധികളും, ചിത്ര പൂർത്തീകരണത്തിനായി എടുക്കുന്ന സമയവുമെല്ലാം ചിത്രത്തിന്റെ വിലയെ നിർണ്ണയിക്കുന്ന ഘടകങ്ങളാണെന്ന് ഇദ്ദേഹം പറയുന്നു. 2018 ൽ ദുബായിൽ വച്ച് നടന്ന ഇന്റർനാഷ്ണൽ വാട്ടർ കളർ ഫിലിംഫെസ്റ്റിവലിൽ 53 രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭാധനരോടൊപ്പം ഒരാളായി ക്ഷണിക്കപ്പെട്ടത് സദു അലിയൂരെന്ന ഈ മാഹിക്കാരനാണ്. ഫെസ്റ്റിവലിൽ ഡെമോൺസ്ട്രേഷൻ അടക്കമുള്ളവ ചെയ്യാൻ കഴിഞ്ഞത് സദു അലിയൂരിന്റെ കഴിവിനുള്ള ഏറ്റവും നല്ല പുരസ്കാരമായി വിലയിരുത്തപ്പെടുന്നു.

സദു അലിയൂരിന്റെ കൈമുദ്ര പതിഞ്ഞ  ചിത്രങ്ങൾ ചുമരിൽ തൂക്കിയിട്ടാൽ ഒരു പക്ഷേ അവയ്ക്കരുകിൽ ചിത്രശലഭങ്ങളും, കുരുവികളും തേൻ നുകരാൻ എത്തിയേക്കാം. എന്തെന്നാൽ അത്രമാത്രം ജീവസുറ്റതാണ് ആ ചിത്രങ്ങൾ എല്ലാം.നിഴലും നിലാവും വെളിച്ചവും പെയ്തിറങ്ങുന്നവയാണ് സദു അലിയൂർ  ചിത്രങ്ങൾ. ഒാരോ ചിത്രങ്ങളിലും സൂക്ഷ്മമായി കടന്നു വരുന്ന പ്രകാശ തലങ്ങളും , വെള്ള നിറത്തെ കൃത്യമായി സംയോജിപ്പിക്കുന്ന പ്രക്രിയയും അപാരമായ കയ്യടക്കവും നമ്മുടെ കണ്ണുകളെ ആഴത്തിലേക്കൗരു യാത്ര പോകാൻ പ്രേരിപ്പിക്കും. അതിന് നമുക്കൊരു തോണിയോ വേണ്ടിവരില്ല. കൗതുകവും , കുസൃതിയും പൂത്തു നിൽക്കുന്ന ഒരു കുഞ്ഞു മുഖത്തെയോ , പേടിച്ചരണ്ടൊരു മിഴിയെയോ എഴുത്തിന്റെ ഭാഷയിലൂടെ വർണ്ണിച്ചെടുക്കാൻ ഒരുപാട് വാക്കുകൾ ഇഴ തെറ്റാതെ കോർത്തെംടുക്കേണ്ടിവരും, എന്നാൽ ഇദ്ദേഹത്തെപോലെ പ്രതിഭാധനനായ ഒരു ചിത്രകാരന് തന്റെ കണ്ണുകൾ മനസിലേക്ക് ഒപ്പിയെടുത്തൊരു നിമിഷത്തെ അനായാസമായി പകർത്താൻ സാധിക്കും. 


യാത്രകളിൽ ഈ ചിത്രകാരനെ ആകർഷിക്കുന്നവ ഒട്ടേറെയുണ്ട്. പക്ഷികളും പൂക്കളും തുടങ്ങി നൊടിയിടക്കുള്ളിൽ മിന്നിമറഞ്ഞ ചില രൂപങ്ങളും തന്നെ ഭ്രമിപ്പിച്ചിട്ടുണ്ടെന്ന് സദു പറയുന്നു. വർണ്ണങ്ങളെ ജീവിതത്തിന്റെ ഭാ​ഗമാക്കിയ സദു അലിയൂരിന് ചിത്രകല ജീവനും പ്രാണനും ആയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. വാക്കുകളെ ആയുധമാക്കിയ സുകുമാർ അഴീക്കോടിനോടും, ബഷീറിനെയും വരക്കാന്‌ തനിക്കേറെ ഇഷ്ടമാണെന്ന് ഈ ചിത്രകാരൻ പറയുന്നു. വരയും, വർണ്ണങ്ങൾക്കും കാലത്തിനോട് കലഹിക്കാനും , സംവദിക്കാനുമുള്ള കഴിവ് ഉണ്ടായിരിക്കണമെന്നും ഇദ്ദേഹം പറയുന്നു. 

കോരിയൊഴിച്ച വർണ്ണങ്ങളുടെ കടുത്ത ബഹളമില്ലാതെ ,ശാന്തമായും അതീവ ലളിതമായും ചിത്രങ്ങൾ സദു അലിയൂരിൽ നിന്നും പിറവിയെടുത്തപ്പോൾ മാറിയത് ജലച്ഛായാ രം​ഗത്തെ അന്ധ വിശ്വാസങ്ങളുടെയും, അറിവില്ലായ്മയുടെയും ദുർദിനങ്ങളാണ്. അനവധി ഏകാം​ഗ ചിത്രപ്രദർശനങ്ങളും, മറ്റനേകം ചിത്രപ്രദർശനങ്ങളും ഈ ചിത്രകാരൻ നടത്തിക്കഴിഞ്ഞു. ഏററവും നല്ല ജലച്ചായാ ചിത്രകാരനുള്ള കൊട്ടാരകത്തിൽ ശങ്കുണ്ണി അവാർഡും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഭാര്യ മഹിജയും മക്കളായ അനന്തുവും, വിഷ്ണുവും എല്ലാ പ്രോത്സാഹനങ്ങളുമായി സദുറിനൊപ്പമുണ്ട്. ഒരു ചിത്രകാരനെന്ന നിലയിൽ രചനയുടെ തലങ്ങളെപ്പറ്റിയുള്ള സൂക്ഷ്മമായ അറിവും, വർഷങ്ങൾ സമ്മാനിച്ച അനുഭവജ്ഞാനവും ഇദ്ദേഹത്തിന്റെ ചിത്രങ്ങളെ ലളിതവും ഒാജസുറ്റതുമാക്കി തീർക്കുന്നു. 

മണ്ണിന്റെ സിരാപടലങ്ങളൾ ഇളകിമറിയാതെ മൗനമുറഞ്ഞുകൂടിയ ശിരസിലേക്ക് വാക്കുകൾ കടന്നുവരില്ല, അതുപോലെ തലച്ചോറിൽ ഒരു  വസന്തം വിരിയാതെ വർണ്ണമഴയെ വരുതിയിലാക്കാനും കഴിയില്ല. ഇലകളിലൂടെ, അവയുടെ ആത്മാവിലൂടെ ലോലമായി സഞ്ചരിച്ച് ഒരു മരത്തിനെത്തന്നെ കടലാസിന്റെ നാലതിരുകൾക്കുള്ളിലേക്ക് മനോഹാരിതയോടെ ആവിഷ്ക്കരിക്കുന്ന ഈ പ്രകൃതിസ്നേഹിയായ ചിത്രകാരന് വരും തലമുറക്ക് കണ്ട് വരക്കാൻ മണ്ണും മരങ്ങളും ബാക്കിയാകുമോ എന്ന സന്ദേഹമാണുള്ളത്........