‘പൂതന’ പരാമര്‍ശം:  ആരെയും പേരെടുത്ത് പറഞ്ഞിട്ടില്ല; മന്ത്രി ജി സുധാകരന് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ക്ലീന്‍ ചിറ്റ്

‘പൂതന’ പരാമര്‍ശം:  ആരെയും പേരെടുത്ത് പറഞ്ഞിട്ടില്ല; മന്ത്രി ജി സുധാകരന് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ക്ലീന്‍ ചിറ്റ്

തിരുവനന്തപുരം: 'പൂതന'പരാമര്‍ശവിവാദത്തില്‍ മന്ത്രി ജി സുധാകരന് ക്ലീന്‍ ചിറ്റ്. സുധാകരന്‍ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടിക്കാറാം മീണ വ്യക്തമാക്കി. ആരുടെയും പേരെടുത്തു പറഞ്ഞല്ല മന്ത്രിയുടെ പരാമര്‍ശം. അതില്‍ ചട്ടലംഘനമില്ലെന്നും ടിക്കാറാം മീണ പറഞ്ഞു.

മന്ത്രിയുടെ പരാമര്‍ശത്തില്‍ ദുരുദ്ദേശ്യമൊന്നും കണ്ടെത്താനായില്ല. കളക്ടറുടെയും എസ്.പിയുടെയും റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് തിരഞ്ഞടുപ്പ് കമ്മീഷന്റെ നടപടി. ജി സുധാകരന്റെ വിശദീകരണവും പ്രസം​ഗത്തിന്റെ വീഡിയോയും തിരഞ്ഞടുപ്പ് കമ്മീഷന്‍ പരിശോധിച്ചിരുന്നു.

തൈക്കാട്ടുശേരിയിലെ കുടുംബ യോഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നായിരുന്നു ജി സുധാകരന്റെ പരാമര്‍ശം. കള്ളം പറഞ്ഞും മുതലക്കണ്ണീര്‍ ഒഴുക്കിയുമാണ് യു.ഡി.എഫ് ജയിക്കാന്‍ ശ്രമിക്കുന്നതെന്നും ജി.സുധാകരന്‍ ആരോപിച്ചിരുന്നു.

സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാട്ടിയാണ് മന്ത്രിക്കെതിരെ ഷാനിമോള്‍ ഉസ്മാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. പെരുമാറ്റചട്ട ലംഘനത്തിനും സത്യപ്രതിജ്ഞ ലംഘനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു

ഇതേ തുടര്‍ന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍, ഡി ജി പിയില്‍നിന്നും ജില്ലാ കളക്ടറില്‍നിന്നും റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിനുപുറമേ, സാഹചര്യം വിശദീകരിച്ച്‌ മന്ത്രിയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഇവ പരിശോധിച്ചശേഷമാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പരാതിയില്‍ തീര്‍പ്പുകല്‍പ്പിച്ചത്.