അഞ്ചുദിവസംകൂടി  ഇടിവെട്ടി മഴയ്ക്ക് സാധ്യത

 അഞ്ചുദിവസംകൂടി  ഇടിവെട്ടി മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : അടുത്ത അഞ്ചുദിവസംകൂടി കേരളത്തില്‍ പരക്കെ ഇടിവെട്ടി മഴപെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ രണ്ടുദിവസം കനത്തമഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്. 


തുലാവര്‍ഷത്തിന്റെ വരവ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, തുലാവര്‍ഷത്തിലെന്നപോലെ ഇടിയോടുകൂടിയ മഴയാണ് ഇപ്പോള്‍ പെയ്യുന്നത്. കാറ്റിന്റെ ദിശ വടക്കുകിഴക്കായി മാറാത്തതുകൊണ്ടാണ് തുലാവര്‍ഷം സ്ഥിരീകരിക്കാത്തതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ എസ്. സുദേവന്‍ പറഞ്ഞു. 
ഇപ്പോള്‍ ലക്ഷദ്വീപിന് സമീപത്തും ബംഗാള്‍ ഉള്‍ക്കടലിലും അന്തരീക്ഷച്ചുഴിയുണ്ട്. ഇതിനാലാണ് അഞ്ചുദിവസത്തേക്കുകൂടി മഴ പ്രതീക്ഷിക്കുന്നത്. അന്തരീക്ഷ ഘടകങ്ങള്‍ അനുകൂലമായതിനാല്‍ പതിനഞ്ചോടെ തുലാവര്‍ഷം സ്ഥിരീകരിക്കാനാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ നിഗമനം. മഴ തുടങ്ങിയെങ്കിലും ഒക്ടോബറില്‍ ഇതുവരെ കിട്ടേണ്ട മഴയില്‍ 31 ശതമാനത്തിന്റെ കുറവുണ്ട്.