ഫസൽ വധക്കേസ് : കാരായി രാജന്  കോടതിയുടെ ശാസന

ഫസൽ വധക്കേസ് : കാരായി രാജന്  കോടതിയുടെ ശാസന

ഫസൽ വധക്കേസിലെ എട്ടാം പ്രതിയായ കാരായി രാജന് സിബിഐ കോടതിയുടെ ശാസന. തലശ്ശേരിയിൽ നടന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചു പങ്കെടുത്തതിനാണ് കോടതിയുടെ ശാസന.

കാരായി രാജന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ കോടതിയെ സമീപിച്ചിരുന്നു. കണ്ണൂരിൽ പ്രവേശിക്കുന്നതിന് കാരായി രാജന് കോടതി വിലക്കുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത സർക്കാർ പരിപാടിയിലാണ് കാരായി രാജൻ സജീവമായി പങ്കെടുത്തത്. അവാർഡ് ദാനം കാണുന്നതിനു മുൻനിരയിൽതന്നെ ഇരിപ്പിടവും കിട്ടി. പ്രത്യേകം ക്ഷണിക്കപ്പെട്ടവർക്കു നൽകുന്ന ടാഗും അദ്ദേഹം അണിഞ്ഞിരുന്നു. സംഭവം വിവാദമായപ്പോൾ, കണ്ണൂരിലെ ജില്ലാ പഞ്ചായത്ത് യോഗത്തിൽ പങ്കെടുക്കാനാണ് എത്തിയതെന്നായിരുന്നു കാരായി രാജന്റെ പ്രതികരണം.

2006 ഒക്ടോബറിലാണ് എൻഡിഎഫ് പ്രവർത്തകൻ ഫസൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ ജൂണിലാണ് എറണാകുളം വിട്ട് തിരുവനന്തപുരത്തേക്കു പോകാൻ സിബിഐ കോടതി കാരായി രാജന് അനുമതി നൽകിയത്. പാർട്ടി പ്രസിദ്ധീകരണത്തിൽ പ്രൂഫ് റീഡറായി ജോലി ലഭിച്ചപ്പോഴായിരുന്നു ഇളവ്. കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗമായതിനാൽ കോടതിയുടെ അനുമതിയോടെ ജില്ലാ പഞ്ചായത്തിന്റെ യോഗങ്ങളിൽ പങ്കെടുക്കാനും കഴിഞ്ഞിരുന്നു