സോഷ്യല്‍ മീഡിയ വഴി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പലയിടത്തും അക്രമം; തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി എന്നിവിടങ്ങളില്‍ നിരോധനാജ്ഞ

സോഷ്യല്‍ മീഡിയ വഴി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പലയിടത്തും അക്രമം; തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി എന്നിവിടങ്ങളില്‍ നിരോധനാജ്ഞ

മലപ്പുറം: സോഷ്യല്‍ മീഡിയ വഴി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പലയിടത്തും അക്രമം. കഠുവയില്‍ എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയ വഴി ആഹ്വാനം ചെയ്യപ്പെട്ട ഹര്‍ത്താലിലാണ് വ്യാപകമായ അക്രമം അരങ്ങേറിയത്. അക്രമ സംഭവങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ ഒരാഴ്ചത്തേക്കാണ് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. താനൂരില്‍ കെഎസ്ആര്‍ടിബി ബസ് അഗ്നിക്കിരയാക്കി. താനൂരില്‍ രാവിലെ മുതല്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കടകള്‍ അടപ്പിക്കുകയും റോഡ് തടയുകയും ചെയ്തിരുന്നു. സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്. കൊണ്ടോട്ടിയില്‍ പ്രതിഷേധക്കാര്‍ പ്രകടനം നടത്തി. പരപ്പനങ്ങാടിയില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ച് വാഹനഗതാഗതം മുടക്കി.