ജില്ലാ വ്യവസായ കേന്ദ്രങ്ങളുടെ അവലോകന യോഗം തിരുവനന്തപുരത്തു ചേര്‍ന്നു

ജില്ലാ വ്യവസായ കേന്ദ്രങ്ങളുടെ അവലോകന യോഗം തിരുവനന്തപുരത്തു ചേര്‍ന്നു

തിരുവനന്തപുരം: ജില്ലാ വ്യവസായ കേന്ദ്രങ്ങളുടെ അവലോകന യോഗം തിരുവനന്തപുരത്തു ചേര്‍ന്നു. കേരളത്തിന്റെ വ്യവസായിക മുന്നേറ്റത്തിന് സഹായകമായ നിരവധി നിര്‍ദ്ദേശങ്ങള്‍ യോഗം മുന്നോട്ടുവച്ചു. 

മികച്ച നിക്ഷേപസൗഹൃദ സംസ്ഥാനമായി കേരളത്തെ വളര്‍ത്തിയെടുക്കാനും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് എല്ലാവിധ സേവനങ്ങളും ലഭ്യമാക്കാനും ബ്ലോക്ക് തലം മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന വ്യവസായ വകുപ്പ് ഓഫീസുകള്‍ ആധുനികവല്‍ക്കരിക്കണമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ നിര്‍ദ്ദേശിച്ചു. 

വ്യവസായങ്ങള്‍ക്ക് ആവശ്യമായ ഭൂമി കണ്ടെത്തി നല്‍കാനും വ്യവസായ വികസന പ്ലോട്ടുകളില്‍ പരമാവധി വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കാനും ഊര്‍ജ്ജിതമായ പരിപാടികള്‍ ആസൂത്രണം ചെയ്യണം. എല്ലാ ജില്ലയിലെയും വ്യവസായ പ്ലോട്ടുകളുടെയും വികസന ഏരിയകളുടെയും ഭൂപടമുള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ച് വ്യവസായികള്‍ക്ക് ഓണ്‍ലൈന്‍ വഴി സേവനങ്ങള്‍ നല്‍കണം. വിവരങ്ങള്‍ ലഭ്യമാകാന്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ടച്ച് സ്‌ക്രീന്‍ സ്ഥാപിക്കണം. പ്രവാസി നിക്ഷേപകരെ അടക്കം പങ്കെടുപ്പിച്ച് ജില്ലകളില്‍ വ്യവസായ നിക്ഷേപക സംഗമം നടത്താനും വിവിധ വ്യവസായ പദ്ധതികള്‍ ആരംഭിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.

ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ ജനസൗഹൃദമാക്കാന്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍മാരെ പ്രത്യേകം നിയമിക്കും. കൂടുതല്‍ എംഎസ്എംഇകള്‍ ആരംഭിക്കാനും അതുവഴി പരമാവധി നിക്ഷേപവും തൊഴിലും കണ്ടെത്താന്‍ കഴിയണം. പുതുതായി ആരംഭിക്കുന്ന റൈസ് മില്ലുകള്‍, റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍, കോഫി - തേയില മേഖലയില്‍ നടപ്പാക്കുന്ന പദ്ധതികള്‍ തുടങ്ങിയവക്കൊപ്പം കൂടുതല്‍ ആധുനിക വ്യവസായങ്ങള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കണം. എല്ലാ ജില്ലയിലും തേന്‍ സംസ്‌കരണ യൂണിറ്റുകള്‍ ആരംഭിച്ച് തേനീച്ച കര്‍ഷകരെ പരമാവധി സഹായിക്കണം. പരമ്പരാഗത മേഖലയില്‍ കളിമണ്‍ ഉള്‍പ്പെടെയുള്ള വ്യവസായങ്ങളില്‍ തൊഴിലാളികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാനും മന്ത്രി നിര്‍ദ്ദേശിച്ചു.