സർക്കാറിന് തിരിച്ചടി; കാലാവധി വെട്ടിക്കുറച്ച ദേവസ്വം ഒാര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കി

സർക്കാറിന് തിരിച്ചടി; കാലാവധി വെട്ടിക്കുറച്ച ദേവസ്വം ഒാര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി രണ്ട് വർഷമായി വെട്ടി ചുരുക്കിയ സർക്കാർ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ പി.സദാശിവം മടക്കി. വെട്ടിക്കുറച്ചതിന്‍റെ അടിന്തര പ്രാധാന്യം വ്യക്തമാക്കാൻ ആവശ്യപ്പെട്ടാണ് ഗവർണർ ഒാർഡിനൻസ് മടക്കിയത്. ചട്ടം ഭേദഗതി ചെയ്തുള്ള ഓര്‍ഡിനന്‍സിന് നിയമ സാധുതയുണ്ടോ എന്ന് ഗവര്‍ണര്‍ ചോദിച്ചു. ഒാര്‍ഡിനന്‍സില്‍ ഒപ്പുവെക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണറോട് അഭ്യര്‍ഥിച്ചിരുന്നു. ബിജെപിയും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.

കഴിഞ്ഞദിവസമാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ബോര്‍ഡിന്റെ മൂന്നു വര്‍ഷത്തെ കാലാവധി രണ്ട് വര്‍ഷമായി ചുരുക്കുന്നതിനായിരുന്നു പുതിയ ഒാർഡിനൻസ്. പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്‍റും അജയ് തറയിൽ അംഗവുമായ  ദേവസ്വം ബോര്‍ഡ് കൃത്യം രണ്ട് വര്‍ഷം കാലാവധി തികക്കുന്നതിന്‍റെ  തലേന്നാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.

കോൺഗ്രസ് നോമിനികളായ പ്രയാറും അജയ് തറയിലും ഒരേ ദിവസമാണു ചുമതലയേറ്റത്. അതേസമയം സിപിഎം നോമിനിയും എംഎൽഎമാരുടെ പ്രതിനിധിയുമായ കെ. രാഘവൻ ബോർഡ് അംഗമായിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ. 

സ്ത്രീപ്രവേശനത്തില്‍ ഉറച്ച നിലപാടെടുത്തതിലെ പ്രതികാരനടപടിയാണിതെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു. ഗവര്‍ണര്‍ ഒപ്പുവയ്ക്കാത്തതിനാല്‍ ഇന്നത്തെ ശബരിമല യോഗത്തിലും പ്രയാര്‍ പങ്കെടുത്തിരുന്നു.