ആനയോട് ക്രൂരത: ദിവസങ്ങളോളം പട്ടിണിക്കിട്ട് പണിയെടുപ്പിച്ചു; നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ വഴിയിൽ ഉപേക്ഷിച്ചു

ആനയോട് ക്രൂരത: ദിവസങ്ങളോളം പട്ടിണിക്കിട്ട് പണിയെടുപ്പിച്ചു; നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ വഴിയിൽ ഉപേക്ഷിച്ചു

ചാവക്കാട് മിണ്ടാപ്രാണിയോട് ക്രൂരതകാണിച്ച് പാപ്പാനും ഉടമസ്ഥനും. ഭക്ഷണവും വെള്ളവും കൊടുക്കാതെ ദിവസങ്ങളായി പണിയെടുപ്പിച്ച ആന അത്യാസന്ന നിലയില്‍. നാട്ടുകാര്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ആനയെ ഉപേക്ഷിച്ച് പാപ്പാനും ഉടമസ്ഥരും സ്ഥലം വിട്ടു. സംഭവം അറിഞ്ഞ് ചാവക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

28 ദിവസങ്ങള്‍ക്ക് മുമ്പാണ് ബ്ലാങ്ങാട് കണ്ണംമൂട് സ്വകാര്യ ഓഡിറ്റോറിയത്തിനു സമീപത്ത് ആനയെ എത്തിച്ചതെന്നും നാട്ടുകാര്‍ പറയുന്നു. തീരെ അവശനായിരുന്നിട്ടും ആനക്ക് ഭക്ഷണവും വെള്ളവും കൊടുക്കാതെ പണിയെടുപ്പിക്കുന്നത് കണ്ടതിനെ തുടർന്ന് നാട്ടുകാര്‍ പാപ്പാനെയും ഉടമസ്ഥനെയും ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ ആനയെ ഉപേക്ഷിച്ച് പാപ്പാനും ഉടമസ്ഥരും സ്ഥലം വിട്ടു. 

ബ്ലാങ്ങാട് കണ്ണംമൂട് പ്രദേശത്തെ പറമ്പുകളിലെ തെങ്ങുകൾ ആനയെ കൊണ്ട് പിഴുത് പറിക്കുന്ന ജോലിയായിരുന്നു ആനയെ കൊണ്ട് ഉടമസ്ഥർ എടുപ്പിച്ച് പോന്നിരുന്നത്. ഇതിനിടക്ക് ആന തളര്‍ന്ന് വീണിരുന്നു. ഒരു പ്രാവശ്യം തളര്‍ന്നു വീണ ആനയെ ആളുകള്‍ ചേര്‍ന്ന് എഴുന്നേല്‍പിച്ച് നിറുത്തിയിരുന്നു എന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. പിന്നീട് വീണ്ടും കഴിഞ്ഞ ദിവസം തളര്‍ന്നു വീഴുകയായിരുന്നു.