‘ക്രാഫ്റ്റ് ബസാര്‍ 2019’: കരകൗശല കൈത്തറി ഉല്‍പന്നങ്ങളുടെ അഖിലേന്ത്യാ വില്‍പ്പന പ്രദര്‍ശനമേള തിരുവനന്തപുരത്ത്

‘ക്രാഫ്റ്റ് ബസാര്‍ 2019’: കരകൗശല കൈത്തറി ഉല്‍പന്നങ്ങളുടെ അഖിലേന്ത്യാ വില്‍പ്പന പ്രദര്‍ശനമേള തിരുവനന്തപുരത്ത്

തിരുവനന്തപുരം: വ്യവസായവകുപ്പിന് കീഴിലെ കരകൗശല വികസന കോര്‍പ്പറേഷന്‍ സംഘടിപ്പിക്കുന്ന കരകൗശല കൈത്തറി ഉല്‍പന്നങ്ങളുടെ അഖിലേന്ത്യാ വില്‍പ്പന പ്രദര്‍ശനമേള 'ക്രാഫ്റ്റ് ബസാര്‍ 2019' തുടങ്ങി. തിരുവനന്തപുരം തൈക്കാട് പോലീസ് മൈതാനത്ത് ഡിസംബര്‍ 5 വരെയാണ് മേള നടക്കുന്നത്. നൂറിലേറെ സ്റ്റാളുകളിലായി വൈവിധ്യങ്ങളായ ഉൽപന്നങ്ങളുടെ കമനീയമായ ശേഖരം മേളയിലുണ്ട്. ദേശീയ-സംസ്ഥാന കരകൗശല അവാര്‍ഡും മെറിറ്റ് സര്‍ട്ടിഫിക്കറ്റുകളും നേടിയ നൂറിലധികം കലാകാരന്‍മാരുടെ ഉല്‍പന്നങ്ങളാണ് മേളയില്‍ ഒരുക്കിയിട്ടുള്ളത്. രാജ്യത്താകമാനമുള്ള കരകൗശല കൈത്തറി വിദഗ്ദ്ധരുടെ ഉല്‍പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ നേരിട്ട് ലഭ്യമാകുമെന്നതാണ് മേളയുടെ പ്രത്യേകത.

ഈട്ടിത്തടിയിലെ ആനകള്‍, ഈട്ടിയിലും കുമ്പിള്‍ത്തടിയിലും തീര്‍ത്ത വിവിധതരം ശില്‍പങ്ങള്‍, പിച്ചളയിലും ഓടിലുമുള്ള ഗൃഹാലങ്കാര വസ്തുക്കള്‍, അതിപുരാതനകാലം മുതലുള്ള നെട്ടൂര്‍പെട്ടി, ആറന്മുള കണ്ണാടി തുടങ്ങി തനതായ കേരളീയ ഉല്‍പന്നങ്ങള്‍ മേളയില്‍ ഒരുക്കിയിട്ടുണ്ട്. ഒപ്പം രാജ്യത്തെ കരകൗശല മേഖലയിലെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളായ ശാന്തി നികേതന്‍ ബാഗുകള്‍, ഘൊഷയാര്‍ ലൈസ് വര്‍ക്കുകള്‍, കോലാപുരി ചെരിപ്പുകള്‍, ഗ്ളാസ് വര്‍ക്ക് ചെയ്ത മിഡി ടോപ്പ്, മധുര സാരികള്‍, ഹൈദരാബാദ് സാരികള്‍, ലക്നൗ ചിക്കന്‍ വര്‍ക്ക് ചെയ്ത തുണിത്തരങ്ങള്‍, ജ്യൂട്ട്, മുത്ത്, പവിഴം, മരതകം ആഭരണങ്ങള്‍, രാജസ്ഥാന്‍ ബെഡ്ഷീറ്റുകള്‍, മുള, ഈറ്റ ഉല്‍പ്പന്നങ്ങള്‍ തുടങ്ങി ചാരുതയാര്‍ന്ന കരകൗശല കൈത്തറി വസ്തുക്കള്‍ ഒരുമിച്ച് കാണുവാനും സ്വന്തമാക്കുവാനുള്ള ഒരവസരം കൂടിയാണ് ഈ മേള സൃഷ്ടിക്കുന്നത്.

നമ്മുടെ നാടിന്റെ പാരമ്പര്യവും വൈവിദ്ധ്യവും വിളിച്ചറിയിക്കുന്ന മേന്മയേറിയ കരകൗശല ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയാണ് ക്രാഫ്റ്റ്ബസാര്‍ ലക്ഷ്യമിടുന്നത്. ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഭാവിയിലും ലഭിക്കത്തക്കരീതിയില്‍ നിലനിര്‍ത്തേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയാണെന്ന് ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് മേള. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കഴിഞ്ഞ 3 വര്‍ഷങ്ങളായി രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ക്രാഫ്റ്റ് ബസാര്‍ നടത്തിവരുന്നത്. ഇത്തരം മേളകള്‍ ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഉല്‍പന്നങ്ങള്‍ നേരിട്ട് വില്‍ക്കുവാനുള്ള അവസരം സജ്ജമാക്കുകയും അതുവഴി, കൂടൂതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഇടനിലക്കാരെ ഒഴിവാക്കി ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാനും സാധിക്കും. സംസ്ഥാനത്ത് ഈ വര്‍ഷം സംഘടിപ്പിക്കുന്ന അഞ്ചാമത്തെ മേളയാണിത്. രാജ്യവ്യാപകമായി 14 മേളകൾ നടത്തി. കണ്ണൂരും കോഴിക്കോടും അടുത്തമാസം മേള സംഘടിപ്പിക്കും.