സിപിഐ-സിപിഐഎം തര്‍ക്കം : കേന്ദ്രനേതൃത്വം ഇടപെടില്ലെന്ന് പ്രകാശ് കാരാട്ട്

 സിപിഐ-സിപിഐഎം തര്‍ക്കം : കേന്ദ്രനേതൃത്വം ഇടപെടില്ലെന്ന് പ്രകാശ് കാരാട്ട്

കണ്ണൂര്‍: തോമസ് ചാണ്ടിയുടെ രാജിയെ തുടര്‍ന്നുണ്ടായ സിപിഐ-സിപിഐഎം തര്‍ക്കത്തില്‍ കേന്ദ്രനേതൃത്വം ഇടപെടില്ലെന്ന് വ്യക്തമാക്കി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഇക്കാര്യത്തിലെ പാര്‍ട്ടി നിലപാട് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയതാണെന്നും പ്രശ്‌നങ്ങള്‍ ഇവിടെ തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും കാരാട്ട് പറഞ്ഞു.

തോമസ് ചാണ്ടിയുടെ രാജിയെ തുടര്‍ന്ന് സിപിഐ-സിപിഐഎം ഭിന്നത രൂക്ഷമായിരുന്നു. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത മന്ത്രിസഭ യോഗത്തില്‍ നിന്നും സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നതും വിവാദങ്ങള്‍ക്ക് ആക്കം കൂട്ടി.കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ നിന്നാണ് സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നിരുന്നത്. തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ച് സിപിഐ മന്ത്രിമാര്‍ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

സിപിഐ മന്ത്രിമാര്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നതിനെ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. സിപിഐ മുന്നണി മര്യാദ പാലിച്ചില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. വിഷയത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.