പുറംലോകത്തിന്റെ കറുപ്പുകൾ തീണ്ടാതെ ചാലിയാർ പുഴയുടെ തീരത്ത് ജീവിക്കുന്ന  കാടിന്റെ മക്കള്‍ ;വംശനാശം നേരിടുന്ന  ചോലനായ്ക്കര്‍ വിഭാഗത്തെക്കുറിച്ച്

പുറംലോകത്തിന്റെ കറുപ്പുകൾ തീണ്ടാതെ ചാലിയാർ പുഴയുടെ തീരത്ത് ജീവിക്കുന്ന  കാടിന്റെ മക്കള്‍ ;വംശനാശം നേരിടുന്ന  ചോലനായ്ക്കര്‍ വിഭാഗത്തെക്കുറിച്ച്

പുറംലോകവുമായി  ബന്ധമില്ല, നിബിഡ വനത്തിനുള്ളില്‍ താമസം, ജന സംഖ്യ അമ്പതില്‍ താഴെ. അപരിചിതരുടെ കണ്ണുകള്‍ക്ക് പിടികൊടുക്കാതെ നിലമ്പൂര്‍ കാടുകളില്‍ ചാലിയാര്‍ പുഴയുടെ വടക്കു ഭാഗത്ത് സമുദ്രനിരപ്പില്‍ നിന്ന് 100 മീറ്റര്‍ മുകളില്‍ പരപ്പന്‍പാറയില്‍ കഴിയുകയാണ് വംശനാശം നേരിടുന്ന ചോലനായ്ക്കര്‍ വിഭാഗം. ആനയും കരടിയും പുലിയും കാട്ടുപോത്തുമുള്ള കൊടുംവനത്തിലൂടെ മണിക്കൂറുകള്‍ നടന്നുവേണം പരപ്പന്‍പാറയില്‍ എത്താന്‍. സാധാരണക്കാര്‍ക്ക് കടന്നുചെല്ലാന്‍ കഴിയില്ലെന്ന് മാത്രമല്ല പ്രവേശനവുമില്ല. 

ആഴ്ചയില്‍ ഒരിക്കല്‍ വനത്തില്‍ നിന്ന് ശേഖരിച്ച വസ്തുക്കള്‍ വില്‍ക്കാന്‍ കാട് കടക്കുമെന്ന് ഒഴിച്ചാല്‍ വനത്തില്‍ തന്നെ മുഴുവന്‍ സമയവും. ചെറിയ കുടിലുകളെക്കാള്‍ പ്രിയം വലിയ ഗുഹകളാണ്. ചാലിയാര്‍ പുഴയുടെ വശ്യ സൗന്ദര്യം ആസ്വദിച്ച് പ്രകൃതയുടെ നറുമണം നുകര്‍ന്ന് തെല്ലും ഗര്‍വുകളില്ലാതെ പുഴയിലെ ഓളങ്ങള്‍ പോലെ കാട്ടില്‍ ഒഴുകി നടക്കുന്നു. തങ്ങളെ മൂടിയിരിക്കുന്ന വനത്തിനിപ്പുറം എന്ത് നടക്കുന്നു എന്ന ചിന്ത പോലും ഇല്ലാതെ വികലമായ സ്വപ്‌നങ്ങളില്‍ വീണുപോകാതെ ജീവിതം മുന്നോട്ട് നീക്കുകയാണ് ഇവിടെ. 

തന്നെ സംരക്ഷിക്കുന്ന പ്രകൃതിക്ക് ദോഷകരമാംവിധം ഒരു പ്രവര്‍ത്തി പോലും അവരില്‍ നിന്നുണ്ടായിട്ടില്ല, ചാലിയാര്‍ പുഴ കവിഞ്ഞൊഴുകുമ്പോള്‍ കുടിലുകളില്‍ നിന്ന് അവര്‍ മല കയറും. വിറകിനായി അല്ലാതെ മരം മുറിച്ചിട്ടില്ല. അതിനപ്പുറമുള്ള ആവശ്യം ഇല്ലാതിരുന്നിട്ടോ അറിയാത്തതുകൊണ്ടോ ആകാം. തീര്‍ത്തും ആരോഗ്യ ശീലരായ മനുഷ്യര്‍. 

പൂര്‍ണ ഗര്‍ഭിണികള്‍ പോലും ഉശിരോടെ ഓടി നടക്കുന്ന അപൂര്‍വ കാഴ്ച. പച്ചിലമരുന്നുകള്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നിടം. ജീവിതത്തില്‍ ഒരിക്കല്‍ പോലും ആശുപത്രി കാണാത്തവര്‍. പരിഷ്‌കാരങ്ങളുടെ വേലിയേറ്റം ബാധിക്കാതെ നുള്ളു പരിഭവങ്ങളോ പരാതികളോ ഇല്ലാതെ മനസില്‍ നന്മകള്‍ മാത്രം സൂക്ഷിച്ച് ആരെയും അസൂയപ്പെടുത്തുന്ന ജീവിതം നയിച്ച് മുന്നോട്ടുപോവുകയാണ്. 

വെട്ടിപ്പിടിക്കലുകള്‍ക്കും കൂട്ടിവയ്ക്കലുകള്‍ക്കും അവര്‍ക്കിടയില്‍ പ്രാധാന്യമില്ല. കള്ളത്തരം അറിയാത്ത കാടിന്റെ സ്വന്തം മക്കള്‍. കേരളത്തിന്റെ സ്വന്തം ചോലനായ്ക്കര്‍. നമുക്ക് അവിടേയ്ക്ക് പോകണ്ട. ആ സന്തോഷം തല്ലി കെടുത്തേണ്ട

ചിത്രങ്ങൾക്ക് കടപ്പാട്: അജീബ് കോമാച്ചി