ശ്രീജിവിന്റെ കസ്റ്റഡി മരണം: കേസ് ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ

ശ്രീജിവിന്റെ കസ്റ്റഡി മരണം: കേസ് ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ

തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയില്‍ വെച്ച് കൊല്ലപ്പെട്ട നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്റെ മരണത്തിലെ അന്വേഷണം സിബിഐക്ക് വിടാനാകില്ലെന്ന് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചു.  പരാതിയില്‍ സിബിഐ അന്വേഷണം നടത്താനാകില്ലെന്ന് കാട്ടി കേന്ദ്രം കേരളത്തിന് കത്തയയ്ക്കുകയായിരുന്നു. എന്നാല്‍, ആവശ്യമുന്നയിച്ച് കേന്ദ്രത്തെ വീണ്ടും സമീപിക്കാനാണ് കേരളത്തിന്റെ തീരുമാനം.

ശ്രീജീവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത് 764 ദിവസമായി സെക്രട്ടേറിയേറ്റ് പടിക്കല്‍ നിരാഹാരം കിടക്കുകയാണ്.  2014 മെയ് 21 നാണ് ശ്രീജിത്തിന്റെ അനുജന്‍ ശ്രീജിവ് പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ച് മരണപ്പെടുന്നത്. എന്നാല്‍, അടിവസ്ത്രത്തില്‍ സൂക്ഷിച്ചിരുന്ന വിഷം കഴിച്ചാണ് ശ്രീജിവ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്.