സംസ്ഥാന ബജറ്റ് ഇന്ന്‍; അവതരിപ്പിക്കപ്പെടുന്നത് പിണറായി  സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് 

സംസ്ഥാന ബജറ്റ് ഇന്ന്‍; അവതരിപ്പിക്കപ്പെടുന്നത് പിണറായി  സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് 

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഇന്നു നിയമസഭയില്‍ ധനമന്തി തോമസ്‌ ഐസക്ക് അവതരിപ്പിക്കും.  സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴറുന്ന സംസ്ഥാനത്തിന് താങ്ങാകാന്‍ ബജറ്റിന് സാധിക്കുമോ എന്ന  ആകാംക്ഷ ഉയരുന്നുണ്ട്. പിണറായി സര്‍ക്കാറിന്റെ മൂന്നാം ബജറ്റാണ്   പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ രണ്ട് ബജറ്റിലും നിരവധി പ്രത്യേകതകളും മികച്ച പദ്ധതികളുമുണ്ടായിരുന്നു.  ഈ ബജറ്റില്‍   ശ്രദ്ധയൂന്നുന്നത് പണം മുടക്കുന്നതിലായിരിക്കില്ല, പിടിക്കുന്നതിലായിരിക്കും.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലായത് സാധാരണക്കാരന്റെ ചുമലിനും ഭാരമേല്‍പ്പിക്കും എന്നത് വ്യക്തം. ജിഎസ്ടി നല്‍കിയ പ്രതിസന്ധി അത്രമേല്‍ വലുതാണ്. 5000 കോടി വായ്പ്പയെടുക്കാന്‍ ബജറ്റില്‍ തീരുമാനമുണ്ടായേക്കും. കിഫ്ബിയില്‍ പണമില്ലാത്തതിന്റെ പ്രതിസന്ധിയുടെ ആഴം കുറയ്ക്കാനാകും ഈ തുക വിനിയോഗിക്കുക. അടുത്ത സാമ്പത്തിക വര്‍ഷം കിഫ്ബിയിലേക്ക് നിക്ഷേപം കൊണ്ടുവരാന്‍ സാധിക്കുമെന്നുതന്നെയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

നികുതികള്‍ എല്ലാം കൂടിയേക്കാം. ഏറ്റവും വലിയ നികുതിയേതക വരുമാനമായ ഫീസുകളും വര്‍ദ്ധിക്കുമെന്ന് കരുതുന്നു. വന്‍കിട പദ്ധതികള്‍ ഒന്നുംതന്നെ ഈ ബജറ്റില്‍ പ്രതീക്ഷിക്കാനാകില്ല. എന്നാല്‍ മത്സ്യ മേഖലയുടെ ഉന്നമനത്തിനായി തുക നീക്കിവച്ചേക്കും. ഓഖി ദുരിതം വിതച്ച തീരപ്രദേശങ്ങള്‍ക്ക് താങ്ങാകാന്‍ ഈ പ്രഖ്യാപനം ഉതകും.