ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് പാലാ കോടതി ജാമ്യം നീട്ടി നൽകി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് പാലാ കോടതി ജാമ്യം നീട്ടി നൽകി

കോട്ടയം: പീഡനക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് പാലാ കോടതി ജാമ്യം നീട്ടി നൽകി. കുറ്റപത്രത്തിന്‍റെയും അനുബന്ധ രേഖകളുടെയും പകർപ്പ് കൈമാറി. കേസ് വീണ്ടും ഏഴിന് പരിഗണിക്കും. പീഡന കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പാലാ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായത്.

ഭരണങ്ങാനം പള്ളിയിൽ പ്രാർഥനയ്ക്ക് ശേഷം വൈദികരും അനുയായികളും ഉൾപ്പെടെ നിരവധി പേർക്കൊപ്പമാണ് ബിഷപ്പ് കോടതിയിലെത്തിയത്. മാനഭംഗം, പ്രകൃതിവിരുദ്ധ പീഡനം ഉൾപ്പെടെ അഞ്ച് വകുപ്പുകളാണ് കേസിലെ ഏകപ്രതിയായ ബിഷപ്പിനെതിരെ ചുമത്തിയിട്ടുള്ളത്. കേസിൽ അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രം കോടതി കഴിഞ്ഞയാഴ്ച ഫയലിൽ സ്വീകരിച്ചിരുന്നു.

തിങ്കളാഴ്ചയാണ് കേരള പൊലീസ് ജലന്ധറിലെത്തി സമൻസ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നൽകിയത്. ഏപ്രിൽ ഒൻപതിനാണ് വൈക്കം ഡിവൈഎസ്പി കെ.സുഭാഷിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രാഥമിക പരിശോധനയിൽ കുറ്റപത്രവും അനുബന്ധ രേഖകളും ശരിയാണെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് കുറ്റപത്രം സ്വീകരിച്ചത്. പ്രതി ഹാജരായി കുറ്റപത്രത്തിന്‍റെ കോപ്പിയും അനുബന്ധ രേഖകളുടെ കോപ്പിയും നൽകിയ ശേഷം വിചാരണക്കായി കേസ് കോട്ടയം ജില്ല കോടതിയിലേക്ക് മാറ്റും.