അസൻഡ് 2019: മുഖ്യമന്ത്രി ഇന്ന് കൊച്ചിയിൽ ഉദ്ഘാടനം ചെയ്യും

അസൻഡ് 2019: മുഖ്യമന്ത്രി ഇന്ന് കൊച്ചിയിൽ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: അസൻഡ് 2019 വ്യവസായ സമ്മേളനം ഇന്ന് കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വ്യവസായ സൗഹൃദം എന്ന പദവിയിൽ കേരളം എത്തിക്കഴിഞ്ഞുവെന്ന് ലോകത്തെ അറിയിക്കാനും മുഴുവൻ ജനങ്ങളിലേക്കും ഈ സന്ദേശം എത്തിക്കാനും നടത്തുന്ന പ്രചാരണത്തിന്‍റെ ഭാഗമായാണ് അസൻഡ് 2019 സംഘടിപ്പിക്കുന്നത്.

കേരളത്തെ വ്യവസായ സൗഹൃദമാക്കാൻ വ്യവസായ വകുപ്പ് ഒട്ടേറെ പരിഷ്ക്കരണ നടപടികൾ സ്വീകരിച്ചു. വ്യവസായ അനുമതിക്കുള്ള നിയമങ്ങളിലും ചട്ടങ്ങളിലും കാതലായ ഭേദഗതി വരുത്തി. നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ച് തയ്യാറാക്കുന്ന വ്യവസായ സൗഹൃദ സൂചികയിൽ 2016ൽ പത്താം സ്ഥാനത്തായിരുന്ന കേരളം ആറാം സ്ഥാനത്തെത്തി. ഐക്യ രാഷ്ട്രസഭയും നീതി ആ യോഗം ചേർന്ന് തയ്യാറാക്കിയ സുസ്ഥിര വികസന ലക്ഷ്യസൂചികയിൽ വ്യവസായവും നൂതനാശയവും എന്ന വിഭാഗത്തിൽ കേരളം രണ്ടാമതാണ്. 

ഇതേക്കുറിച്ചെല്ലാം സംരംഭകർക്കിടയിൽ അവബോധം ഉണ്ടാക്കുകയും ഒപ്പം പൊതുജനങ്ങൾക്കിടയിൽ നല്ല പ്രചാരണം നൽകുകയും വേണം. അതിനുള്ള തുടക്കമാണ് അസൻഡ്. വ്യവസായ സംരംഭകരും ഈ രംഗത്തെ വിദഗ്ധരും സംബന്ധിക്കുന്ന പരിപാടി വ്യവസായ പുരോഗതിയിലേക്ക് കുതിക്കാൻ പാകപ്പെട്ടു നിൽക്കുന്ന കേരളത്തെ ലോകത്തിനു മുന്നിൽ കൃത്യമായി അവതരിപ്പിക്കും. വ്യവസായ അനുമതിക്കായുള്ള ഓൺലൈൻ ഏകജാലക സംവിധാനം കെ സ്വിഫ്റ്റിന്റെ ഉദ്ഘാടനവും ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിക്കും.