നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം; ദിലീപിന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം; ദിലീപിന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംസ്ഥാന പൊലീസിന്‍റെ അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ഹർജിയിലെ ആവശ്യം. മറ്റൊരു പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതി ചേർത്തതെന്ന് ദിലീപ് ഹർജിയിൽ പറയുന്നു.

പക്ഷപാതപരമായ അന്വേഷണമാണ് പൊലീസ് നടത്തിയത്. തന്‍റെ ഭാഗം കേട്ടില്ല. അതിനാൽ മറ്റൊരു ഏജൻസിയെക്കൊണ്ട് അന്വേഷിച്ച് സത്യം കണ്ടെത്തണമെന്നും താരത്തിന്‍റെ ഹര്‍ജിയില്‍ പറയുന്നു. എന്നാൽ, സിബിഐ അന്വേഷിക്കണമെന്ന പ്രതിയായ ദിലീപിന് ആവശ്യപ്പെടാൻ അവകാശമില്ലെന്ന് കോടതിയെ അറിയിക്കാനാണ് പ്രോസിക്യൂഷൻ നീക്കം. ഇക്കാര്യം വിവിധ കോടതികൾ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേസിന്‍റെ വിചാരണ വൈകിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദിലീപിന്‍റെ ഹർജിയെന്നും പ്രോസിക്യൂഷൻ കോടതിയിൽ നിലപാടെടുക്കും. 

2017 ഫെബ്രുവരി 17നായിരുന്നു നടിക്കെതിരെ ആക്രമണം ഉണ്ടായത്. തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന നടിയെ കാറിനുള്ളില്‍ വെച്ച് ലൈംഗീകമായി ആക്രമിക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് പൾസർ സുനിയടക്കമുള്ള പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജൂലൈ 10 നാണു കേസിൽ ദിലീപ് അറസ്റ്റിലായത്.