കൊടുവാള്‍ കൊണ്ട് പിറന്നാള്‍ കേക്കു മുറിച്ച് ആഘോഷം നടത്തിയ മലയാളി ഗുണ്ട കീഴടങ്ങി

കൊടുവാള്‍ കൊണ്ട് പിറന്നാള്‍ കേക്കു മുറിച്ച് ആഘോഷം നടത്തിയ മലയാളി ഗുണ്ട കീഴടങ്ങി

ചെന്നൈ : കൊടുവാള്‍ കൊണ്ട് കേക്ക് മുറിച്ച് വാര്‍ത്തകളില്‍ ഇടം നേടിയ മലയാളി ഗുണ്ട ബിനു പാപ്പച്ചന്‍ തമിഴ്‌നാട് പോലീസിന് കീഴടങ്ങി. പോലീസിനെ വെട്ടിച്ചു കടന്ന ബിനു ഒരാഴ്ചയോളം വിവിധ സ്ഥലങ്ങളില്‍ വാഹനത്തില്‍ കറങ്ങിയ ശേഷമാണ് കീഴടങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ ബിനുവിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. 

ഫെബ്രുവരി ആറിനു പിറന്നാളാഘോഷത്തിനിടെ കൊടുവാള്‍ കൊണ്ടു കേക്ക് മുറിക്കുന്ന ദൃശ്യം വൈറലായതിനെത്തുടര്‍ന്നാണ് ബിനു വാര്‍ത്തകളില്‍ നിറഞ്ഞത്. ആഘോഷത്തിനിടെ രാത്രിയില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 75 ഗുണ്ടകളും പിടിയിലായി. ഇവരില്‍ ഭൂരിപക്ഷവും പിടികിട്ടാപ്പുള്ളികളായിരുന്നു. രണ്ടു പേര്‍ 18 വയസ്സിനു താഴെയുള്ളവരും. കൊലപാതകക്കേസ് ഉള്‍പ്പെടെ ചുമത്തപ്പെട്ടവരും കൂട്ടത്തിലുണ്ടായിരുന്നു. പരിശോധനയ്‌ക്കെത്തിയ നൂറിലേറെ പൊലീസുകാരുടെ കണ്ണുവെട്ടിച്ചാണു ബിനു രക്ഷപ്പെട്ടത്.

തിരുവനന്തപുരത്ത് കുടുംബ വേരുകളുള്ള ബിനു ചെന്നൈ ചൂളൈമേടിലാണ് താമസം. എട്ട് കൊലപാതകക്കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. അതേ സമയം താന്‍ വലിയ ഗുണ്ടയൊന്നും അല്ലെന്നും മാന്യമായി ജീവിതം നയിക്കാന്‍ അടുത്തിടെ തീരുമാനിച്ചിരുന്നുവെന്നും വ്യക്തമാക്കുന്ന സന്ദേശം ബിനു മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൈമാറി