ഇനി മുങ്ങൽ നടക്കില്ല ; സർക്കാർ ഓഫീസില്‍ ആധാർ പഞ്ചിങ്  ; ആദ്യപടി സെക്രട്ടേറിയറ്റില്‍

ഇനി മുങ്ങൽ നടക്കില്ല ; സർക്കാർ ഓഫീസില്‍ ആധാർ പഞ്ചിങ്  ; ആദ്യപടി സെക്രട്ടേറിയറ്റില്‍

തിരുവനന്തപുരം∙ സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിൽ ആധാർ അധിഷ്ഠിത പഞ്ചിങ് സംവിധാനം വരുന്നു. തുടർച്ചയായി വൈകിയെത്തുന്നത് അവധിയായി കണക്കാക്കാനും ഔദ്യോഗിക കാര്യങ്ങൾക്കു വേറെ ഓഫിസുകളിൽ പോകുന്ന ജീവനക്കാർക്ക് അവിടെയും ഹാജർ രേഖപ്പെടുത്താൻ കഴിയുന്ന സംവിധാനമാണു വരുന്നത്.

വിശദ പദ്ധതിരേഖ സമർപ്പിക്കാൻ നാഷനൽ ഇൻഫർമാറ്റിക് സെന്ററിനോട് ഐടി വകുപ്പ് ആവശ്യപ്പെട്ടു. വിരലടയാളം രേഖപ്പെടുത്തുന്ന പുതിയ ബയോമെട്രിക് പഞ്ചിങ് മെഷീനുകൾ കെൽട്രോൺ വഴി വാങ്ങും. 5250 ജീവനക്കാരുള്ള സെക്രട്ടേറിയറ്റിലാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുക.

നിലവിൽ സർക്കാർ ഓഫിസുകളിൽ ഇലക്ട്രോണിക് പഞ്ചിങ് സംവിധാനമുണ്ടെങ്കിലും ഹാജർ നിരീക്ഷിക്കാൻ മാത്രമാണ് ഇതുപയോഗിക്കുന്നത്. ശമ്പളവിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കുമായി പഞ്ചിങ് ബന്ധപ്പെടുത്താത്തതിനാൽ വൈകിയെത്തുന്നതോ നേരത്തെ മുങ്ങുന്നതോ ജീവനക്കാരെ ബാധിക്കാറില്ല. പഞ്ചിങ് രേഖപ്പെടുത്തിയ ശേഷം ഹാജർ റജിസ്റ്ററിലും ഒപ്പിടുന്നുണ്ട്. ഈ ഹാജർ ബുക്കിന്റെ അടിസ്ഥാനത്തിലാണ് അവധി നിർണയിക്കുക. മേലുദ്യോഗസ്ഥന്റെ കാരുണ്യമുണ്ടെങ്കിൽ ഒപ്പിടലിൽ ഇളവും ലഭിക്കും. എന്നാൽ, സ്പാർക്കുമായി ബന്ധിപ്പിച്ചുള്ള ആധാർ അധിഷ്ഠിത പഞ്ചിങ് വരുന്നതോടെ ഈ കള്ളക്കളി നടക്കില്ല.

കേന്ദ്രസർക്കാരിന്റെ  ഓഫിസുകളിൽ എൻഐസി നടപ്പാക്കിയ പഞ്ചിങ് സോഫ്റ്റ്‌വെയർ തന്നെയാകും  ഉപയോഗിക്കുക. ആധാർ ഡേറ്റാബേസുമായി ബന്ധിപ്പിക്കുകയും വേണം. പരിഷ്കാരത്തിനു മുന്നോടിയായി സ്പാർക്കിനെ ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറിലേക്കു മാറ്റുന്ന പ്രവൃത്തി വൈകാതെ ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ ട്രഷറികളിലും പഞ്ചിങ് ഉടൻ നടപ്പാക്കാൻ ട്രഷറി വകുപ്പും തീരുമാനിച്ചിട്ടുണ്ട്.