മഴയുടെ ശക്തി കുറഞ്ഞു; കവളപ്പാറയിലും പുത്തുമലയിലും രക്ഷാപ്രവര്‍ത്തനം ഇന്നും തുടരും

മഴയുടെ ശക്തി കുറഞ്ഞു; കവളപ്പാറയിലും പുത്തുമലയിലും രക്ഷാപ്രവര്‍ത്തനം ഇന്നും തുടരും

കൊച്ചി|: സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞിരിക്കുന്നു. ഇനി ശക്തിയായ മഴ ഉണ്ടാവില്ലെന്നാണ് നിഗമനം. ഇന്നുമുതല്‍ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.അതേസമയം അതിതീവ്രമഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് ഒരു ജില്ലയിലുമില്ല. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. മഴകുറഞ്ഞതോടെ കവളപ്പാറയിലും പുത്തുമലയിലും രക്ഷാപ്രവര്‍ത്തനത്തിന് സഹായകമാകും.

എന്നാല്‍ ഇതുവരെ സംസ്ഥാനത്ത് മഴക്കെടുതികളില്‍ 79 പേരാണ് മരിച്ചിരിക്കുന്നത്. 1500 ദുരിതാശ്വാസ ക്യാംപുകളിലായി രണ്ടരലക്ഷത്തിലധികം പേരുണ്ട്. മഴ കുറഞ്ഞെങ്കിലും മഴക്കെടുതികള്‍ തുടരുകയാണ്. മലപ്പുറം കവളപ്പാറയിലും വയനാട് പുത്തുമലയിലും രക്ഷാപ്രവര്‍ത്തനം ഇന്നും തുടരും. ഇനിയും അമ്പത് പേരെയാണ് കവളപ്പാറയില്‍ നിന്നും കണ്ടെത്താനുള്ളത്. പുത്തുമലയില്‍ ഏഴ് പേരെയും കണ്ടെത്താനുണ്ട്. പമ്പയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് കുട്ടനാട്ടില്‍ വെള്ളപ്പൊക്കം തുടരുകയാണ്. ആലപ്പുഴ-ചങ്ങനാശേരി പാതയിലൂടെയുള്ള ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. അട്ടപ്പാടിയില്‍ ഭവാനി, ശിരുവാണി പുഴകളില്‍ ജലനിരപ്പ് കുറഞ്ഞു. ഇടുക്കിയിലെ പൊന്‍മുടി, കല്ലാര്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ അടച്ചു.