അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള ഹനാനെ മന്ത്രി എ സി മൊയ്തീന്‍  സന്ദര്‍ശിച്ചു

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള ഹനാനെ മന്ത്രി എ സി മൊയ്തീന്‍  സന്ദര്‍ശിച്ചു

കൊച്ചി: അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള ഹനാനെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെത്തി മന്ത്രി എ സി മൊയ്തീന്‍ സന്ദര്‍ശിച്ചു. പൂര്‍ണ്ണ ആരോഗ്യത്തോടെ ഉടന്‍ ആശുപത്രി വിടാന്‍ കഴിയട്ടെ എന്നും മന്ത്രി ആശംസിച്ചു. ആശുപത്രി വിട്ടാലുടന്‍ മീന്‍ കച്ചവടം തുടങ്ങണമെന്നാണ് ആഗ്രഹമെന്ന് ഹനാന്‍ പറഞ്ഞു. കൂടുതല്‍ പഠിക്കണമെന്നും ഡോക്ടറാകണമെന്നും ഹനാന്‍ മന്ത്രിയോട് പറഞ്ഞു.

മുഖ്യമന്ത്രി സമ്മാനിച്ച പേന നിധിപോലെ കാത്ത് സൂക്ഷിക്കുന്നുവെന്ന് ഹനാൻ പറഞ്ഞു. ഇത് കേട്ട എ സി മൊയ്തീന്‍ രണ്ട് പേനകള്‍ ഹനാന് സമ്മാനമായി നല്‍കി. ഹനാനെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുമായി മന്ത്രി സംസാരിച്ചു. 

എത്രയും പെട്ടെന്ന് ഹനാന്‍ സുഖം പ്രാപിക്കട്ടെയെന്ന്‍ മന്ത്രി ആശംസിച്ചു.

മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മാനേജ്‌മെന്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന ധനസഹായം സ്വീകരിക്കാനും ഹനാനെ സന്ദര്‍ശിക്കാനുമായി എത്തിയതായിരുന്നു മന്ത്രി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മാനേജ്‌മെന്റ് 15 ലക്ഷം നല്‍കി.