കാട്ടാക്കടയില്‍ പൂക്കളുടെ സംസ്‌കരണ ഗോഡൗണില്‍ തീപ്പിടിത്തം

കാട്ടാക്കടയില്‍ പൂക്കളുടെ സംസ്‌കരണ ഗോഡൗണില്‍ തീപ്പിടിത്തം

കാട്ടാക്കട: : പൂക്കളുടെ സംസ്‌കരണ ഗോഡൗണില്‍ തീപ്പിടിത്തം. കാട്ടാക്കട ചായ്ക്കുളം ആദിത്യപുരം ഭൂതത്താന്‍ദേവി ക്ഷേത്രത്തിനു സമീപത്ത് പൂക്കളുടെ കയറ്റുമതി നടത്തുന്ന സ്ഥാപനത്തിന്റെ ഗോഡൗണ്‍ ആണ് തീപിടുത്തം ഉണ്ടായി കത്തിനശിച്ചത്. അപകടസമയത്ത് ഗോഡൗണില്‍ ആളില്ലായിരുന്നതിനാല്‍ ആളപായമുണ്ടായില്ല.ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് തീ പടര്‍ന്നത്. പ്രധാന റോഡില്‍നിന്നും മാറി ഇടുങ്ങിയ വഴിയുള്ള സ്ഥലത്താണ് ഗോഡൗണ്‍. അതുകൊണ്ട് തന്നെഅഗ്നിരക്ഷാസേന വളരെ പണിപ്പെട്ടാണ് സ്ഥലത്തെത്തിയത്. എന്നാല്‍ ഈ സമയത്തിനുള്ളില്‍ തീ ആളിപ്പടര്‍ന്നിരുന്നു.

നെയ്യാര്‍ഡാം, കാട്ടാക്കട അഗ്നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റുകളെത്തി. മൂന്ന് മണിക്കൂറിലേറെയെടുത്താണ് തീ കെടുത്തിയത്. ഓര്‍ക്കിഡ്, ആന്തൂറിയം തുടങ്ങിയ പൂക്കള്‍ സംസ്‌കരിച്ച് വിദേശത്തേക്ക് കയറ്റി അയക്കാനായി സൂക്ഷിച്ചിരിക്കുകയായിരുന്ന ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപ്പിടിത്തത്തിനു കാരണമായതെന്നാണ് വിലയിരുത്തല്‍.