ഇതാണ് കളക്ടര്‍! ഭീഷണിക്ക് മുന്നില്‍ പതറാത്ത പണക്കൊഴുപ്പിനെ ഭയക്കാത്ത അനുപമ എന്ന സൂപ്പര്‍ ലേഡി

ഇതാണ് കളക്ടര്‍! ഭീഷണിക്ക് മുന്നില്‍ പതറാത്ത പണക്കൊഴുപ്പിനെ ഭയക്കാത്ത അനുപമ എന്ന സൂപ്പര്‍ ലേഡി

ഇടതു മുന്നണിയില്‍ പൊട്ടിത്തെറി സൃഷ്ടിച്ചുകൊണ്ട് ഗതാഗത മന്ത്രി തോമസ്‌  ചാണ്ടിയുടെ രാജി. മന്ത്രി സ്ഥാനം രാജി വച്ച് നിയമത്തെ നേരിടാന്‍ കോടതി ചാണ്ടിയോട് പറഞ്ഞത് ഒരൊറ്റ റിപ്പോര്‍ട്ടിന്റെ പെരിലായിരുന്നു. കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ടു എല്ലാ തെളിവുകളും നിരത്തിയ ആലപ്പുഴ ജില്ല കലക്ടര്‍ അനുപമയുടെ റിപ്പോര്‍ട്ടിന്റെ പേരില്‍.

കയ്യേറ്റമോ അഴിമതിയോ എന്തും ആകട്ടെ തന്റെ മുന്നില്‍ കാണുന്ന അനീതികള്‍ക്കെതിരെ തനിക്കാവുന്ന രീതിയില്‍ പോരാടുന്ന ശക്തയായ ഒരു സിവില്‍ സെര്‍വന്റാണ് അനുപമ.കൈയേറ്റത്തിനെതിരെ അനുപമയെടുത്ത ആദ്യ നടപടിയല്ല ഇത്. കാഞ്ഞങ്ങാട് സബ്കളക്‌റായിരിക്കെ ആയിരുന്നു അനുപമയുടെ അഴിമതിക്കെതിരായ പോരാട്ടം തുടങ്ങുന്നത്. പുഴയോരം കയ്യേറിയ ഭൂമാഫിയക്കെതിരെ നടപടിയെടുത്തതിന് കാഞ്ഞങ്ങാട് നിന്നും തലശ്ശേരിയിലേക്ക് അനുപമയെ സ്ഥലം മാറ്റി.പണക്കൊഴുപ്പിനും ഭീഷണിക്കും സ്ഥാനമാനങ്ങളെയോ ഭയക്കാത്ത അനുപമ തോമസ് ചാണ്ടിയെന്ന ഒരു പ്രസ്ഥാനത്തെ , ഒരു സമ്മര്‍ദങ്ങളിലും വഴങ്ങാതെ  നേരിട്ടു.


ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ എന്ന പദവിയുടെ പ്രാധാന്യം പോലും നമ്മള്‍ തിരിച്ചറിയപ്പെട്ടത് ഒരുപക്ഷെ  അനുപമ  ചുമതലയേറ്റെപ്പോഴാകും.വിഷം തളിച്ച പച്ചക്കറികള്‍ക്കെതിരെ അവര്‍ ശക്തമായി പോരാടി .മലയാളിയുടെ തീന്‍മേശയില്‍ വിഷം വിളമ്പാന്‍ അനുവദിക്കില്ലെന്നുറപ്പിച്ച അനുപമ തമിഴ്‌നാട് പച്ചക്കറി ലോബിയുടെ ശത്രുവായി മാറി . ഭീഷണികള്‍ക്കൊന്നും കമ്മീഷണറുടെ മേല്‍ കൂച്ചുവിലങ്ങിടാന്‍ സാധിച്ചില്ല. പച്ചക്കറിക്ക് പുറകേ ഭക്ഷ്യവസ്തുക്കളിലെ മായം ചേര്‍ക്കലിനെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടികളുമായി അവര്‍ മുന്നേറി. ജനപ്രിയ കറിപൗഡര്‍ ബ്രാന്‍ഡ് പോലും അനുപമയുടെ മുന്നില്‍ കാലിടറി. മലയാളികളെ വിഷം തീറ്റിക്കാതിരിക്കാന്‍ അനുപമ കാണിച്ച ധൈര്യത്തിന് കിട്ടിയ ബഹുമതി ഭീഷ ണി കത്തുകളും വക്കീല്‍ നോട്ടിസുകളുമായിരുന്നു 

പക്ഷെ  സോഷ്യല്‍ മീഡിയയില്‍ അനുപമ താരമായി. ജനങ്ങളുടെ പിന്തുണയും ശക്തയായ സ്ത്രീ എന്ന വിശേഷണവും അനുപമയക്കു ലഭിച്ചു. നിങ്ങള്‍ അനീതിക്കെതിരെ പോരാടുകയാണ്, ഞങ്ങളുണ്ട് പിറകെ, എന്നു ജനം ആര്‍ത്തപ്പോള്‍, ഇത് പോരാട്ടമല്ല സിവില്‍ സെര്‍വന്റായ എന്റെ ജോലി മാത്രമെന്ന് പറയാന്‍ കാണിച്ച ലാളിത്യമാണ് അനുപമയെ പിന്നെയും പിന്നെയും ജനമനസ്സുകളിലെ താരമാക്കി നിലനിര്‍ത്തിയത്, 

 

ഇന്ന് കേരളം ചര്‍ച്ച ചെയ്യുന്നത് അനുപമയുടെ റിപ്പോര്‍ട്ടിനേക്കുറിച്ചാണ്. തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റ കഥകള്‍ ചര്‍ച്ചയാകുമ്പോള്‍ അനുപമയുടെ റിപ്പോട്ട് ആയിരുന്നു ചാണ്ടിക്കെതിരായ  പ്രധാന ആയുധം .തോമസ് ചാണ്ടി കുട്ടനാട്ടിൽ നടത്തിയ ഭൂമിയിടപാടുകൾ ഭൂപരിഷ്കരണ നിയമത്തിന്റെ ലക്ഷ്യം അട്ടിമറിച്ചെന്നും ഭൂസംരക്ഷണ നിയമവും നെൽവയൽ നിയമവും ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയ കലക്ടർ, അഞ്ചുവർഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റം അദ്ദേഹം ചെയ്തതായും കണ്ടെത്തി. മാർത്താണ്ഡം കായലിലെ ഭൂമികയ്യേറ്റവും ലേക്ക് പാലസ് റിസോർട്ടിനു മുന്നിലെ നിലംനികത്തലും സ്ഥിരീകരിച്ച റിപ്പോർട്ട്, ചാണ്ടി ഡയറക്ടറായ വാട്ടർ വേൾഡ് ടൂറിസം കമ്പനി ആലപ്പുഴ ജില്ലയിലാകെ നടത്തിയ ഭൂമി ഇടപാട് അന്വേഷിക്കണമെന്നും ശുപാർശ ചെയ്തു.സമ്മര്‍ദ്ദങ്ങള്‍ക്കടിപ്പെടാതെ തനിക്ക് ബോധ്യപ്പെട്ടത് റിപ്പോര്‍ട്ട് ചെയ്യാന്‍ അനുപമ  ധൈര്യപ്പെട്ടു. രാജിക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലും കളക്ടറുടെ റിപ്പോര്‍ട്ട് തെറ്റാണെന്ന് വാദിക്കാന്‍ തന്നെയാണ് ചാണ്ടി ശ്രമിച്ചത്.

 

സോഷ്യല്‍ മീഡിയ ഇന്ന്  ഏറെ ചര്‍ച്ച ചെയ്യുന്നതും അനുപമയേക്കുറിച്ചാണ്. നീതിക്കു വേണ്ടി സധൈര്യം മുന്നോട്ടു പോവാന്‍  അനുപമ എന്ന സിവില്‍ സെര്‍വന്റിന് ജനങ്ങളുടെ  കട്ട സപ്പോര്‍ട്ട്