കോഴിക്കോട് ഹാര്‍ബര്‍ വികസനത്തിന് 100 കോടിയുടെ പദ്ധതി

കോഴിക്കോട് ഹാര്‍ബര്‍ വികസനത്തിന് 100 കോടിയുടെ പദ്ധതി

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഹാര്‍ബര്‍ വികസനത്തിന് 100 കോടി രൂപയുടെ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ബോട്ട് റിപ്പയറിംഗ് സെന്‍റര്‍ പുതിയാപ്പയില്‍ നിര്‍മ്മിക്കുമെന്ന് ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ. പുതിയാപ്പ ഹാര്‍ബര്‍ പ്രവൃത്തി ഉദ്ഘാടനം മന്ത്രി നിര്‍വ്വഹിച്ചു.

കോഴിക്കോട് ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ ദീര്‍ഘകാല ആവശ്യങ്ങളാണ് പ്രാവര്‍ത്തികമാകുന്നത്. അടിസ്ഥാന സൗകര്യങ്ങളും സുരക്ഷിതത്വവും വര്‍ധിപ്പിക്കുന്ന വികസന പദ്ധതികള്‍ ഹാര്‍ബറില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നു.

ബോട്ടുകള്‍ നിര്‍ത്തിയിടാനുള്ള ഫിങ്കര്‍ ജെട്ടി, ഹാര്‍ബറിന് ചുറ്റുമതി, മത്സ്യബന്ധന ഉപകരണങ്ങള്‍ സൂക്ഷിക്കുന്ന ലോക്കര്‍ മുറികള്‍, ഡ്രഡ്ജിങ്ങ് തുടങ്ങി 16.25 കോടിയുടെ വികസന പദ്ധതിയാണ് പുതിയാപ്പ ഹാര്‍ബറില്‍ നിലവില്‍ വരിക. മത്സ്യതൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനായി ഓപ്ഷനിംഗ് മാര്‍ക്കറ്റിങ് ആന്റ് ക്വാളിറ്റി കണ്‍ട്രോള്‍ എന്ന പദ്ധതിയ്ക്ക് തുടക്കം കുറിക്കും.

മത്സ്യഫെഡിന്റെ സഹായത്തോടെ ഹാര്‍ബറുകളില്‍ നിന്നും മത്സ്യം ലേലം ചെയ്ത് നേരിട്ട് മാര്‍ക്കറ്റില്‍ എത്തിച്ച്‌ ഗുണനിലവാരവും ഭക്ഷ്യ സുരക്ഷയും ഉറപ്പുവരുത്താനുമുള്ള പുതിയൊരു നിയമനിര്‍മ്മാണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.