ക്വാട്ട മദ്യം മറിച്ചു വിറ്റാല്‍ സൈനികര്‍ക്കെതിരെ കടുത്ത നടപടിയെന്ന് മുന്നറിയിപ്പ്

ക്വാട്ട മദ്യം മറിച്ചു വിറ്റാല്‍ സൈനികര്‍ക്കെതിരെ കടുത്ത നടപടിയെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ക്യാന്റീനില്‍ നിന്ന് സൈനികര്‍ക്ക് മാത്രമായി നല്‍കുന്ന മദ്യം അംഗങ്ങള്‍ മറിച്ചു വിറ്റാല്‍ അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് മുന്നറിയിപ്പ് നല്‍കി.

 

സേനയിലെ സൗകര്യങ്ങള്‍ ദുരുപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയെ തുടര്‍ന്നാണ്‌ മുന്നറിയിപ്പ്. മദ്യം വില്‍ക്കുന്നതുള്‍പ്പെടെ അഴിമതി തടയുന്നതിനായി 37 നിര്‍ദ്ദേശങ്ങള്‍ സൈനികര്‍ക്ക് നല്‍കിയിട്ടുണ്ട്. അഴിമതി നടത്തുന്നത് ആരായാലും പദവിയും റാങ്കും നോക്കാതെ പുറത്താക്കുമെന്ന് അദ്ദേഹം അറിയിച്ചു. പെന്‍ഷന്‍ പോലും നല്‍കാത്ത വിധത്തില്‍ ആയിരിക്കും പുറത്താക്കുക.

 

സേനാ ക്യാമ്പുകളില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയുമുള്ള നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഔദ്യോഗിക തലത്തില്‍ നേട്ടം ലക്ഷ്യമിട്ട് മേലുദ്യോഗസ്ഥനെ അനാവശ്യമായി സേവിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് കരസേന മേധാവി അറിയിച്ചു.

 

അതേസമയം ആത്മാര്‍ഥമായി ജോലി ചെയ്യുന്ന ഓഫീസര്‍മാര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം നല്‍കും. സേനയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ശത്രു വിഭാഗങ്ങള്‍ പ്രചരിപ്പിക്കുന്ന അടിസ്ഥാന രഹിത ആരോപണങ്ങള്‍ക്ക് എതിരെ ജാഗ്രത പാലിക്കണമെന്നും കരസേന മേധാവി മുന്നറിയിപ്പ് നല്‍കി