ഉത്തര്‍പ്രദേശ്, ബിഹാര്‍ ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്

ഉത്തര്‍പ്രദേശ്, ബിഹാര്‍ ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്

ഉത്തര്‍പ്രദേശിലെ ഗോരഖ്പുര്‍, ഫുല്‍പുര്‍ ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ബിഹാറിലെ അറാറിയ ലോക്‌സഭാ മണ്ഡലത്തിലേക്കും ബാബുവ, ജെഹനാബാദ് നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഇന്ന് വോട്ടെണ്ണല്‍ നടക്കും. ബിഹാറില്‍ നിതീഷ് കുമാര്‍ ബിജെപി സഖ്യം നിലവില്‍ വന്നതിന് ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പാണിത്. ലാലു പ്രസാദ് യാദവ് ജയിലില്‍ ആയതിന് ശേഷം നടക്കുന്ന ഉപതെരഞ്ഞെടുപ്പ് മകന്‍ തേജസ്വി യാദവിനും നിര്‍ണ്ണായകമാണ്.

അടുത്ത വര്‍ഷം ലോക്‌സഭാ തെരെഞ്ഞുടുപ്പ് നടക്കാന്‍ ഇരിക്കെ ഉത്തര്‍പ്രദേശിലെയും, ബിഹാറിലെയും ഉപതെരെഞ്ഞെടുപ്പുകള്‍ ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും രാജിവെച്ചതിനെ തുടര്‍ന്നാണ് ഗോരഖ്പുര്‍, ഫുല്‍പുര്‍ ലോക്‌സഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ആര്‍ജെഡി എംപി മുഹമ്മദ് തസ്ലിമുദീന്‍ ആന്തരിച്ചതിനെ തുടര്‍ന്നാണ് അറാറിയ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

ഗോരഖ്പുര്‍, ഫുല്‍പുര്‍ ലോക്‌സഭാ മണ്ഡലങ്ങളില്‍  ബിജെപിയെ പരാജയപ്പെടുത്താന്‍ മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടി, സമാജ്വാദി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഫുല്‍പുരില്‍ കൗശലേന്ദ്ര സിംഗ് പട്ടേലും ഗോരഖ്പുരില്‍ ഉപേന്ദ്ര ദത്ത് ശുക്ലയുമാണു ബിജെപി സ്ഥാനാര്‍ഥികള്‍. ഗോരഖ്പുരില്‍ പ്രവീണ്‍ കുമാര്‍ നിഷാദും ഫുല്‍പുരില്‍ നാഗേന്ദ്ര സിംഗ് പട്ടേലും ആണ് സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍. ഗോരഖ്പുരില്‍ സുരീത കരീമും ഫുല്‍പുരില്‍ മനീഷ്മിശ്രയും ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍.

അറാറിയ മണ്ഡലത്തില്‍ മുഹമ്മദ് തസ്ലിമുദീന്റെ മകന്‍ സര്‍ഫ്രാസ് ആലം ആണ് ആര്‍ജെഡി സ്ഥാനാര്‍ത്ഥി. നിയമസഭാ ഉപതെരെഞ്ഞെടുപ്പ് നടക്കുന്ന ജെഹാനാബാദ് മണ്ഡലം ആര്‍ജെഡിയുടെയും, ബാബുവ മണ്ഡലം ബിജെപിയുടെയും സിറ്റിംഗ് മണ്ഡലങ്ങള്‍ ആണ്.