ചൈനയില്‍ നിര്‍മിച്ച യുദ്ധ സാമഗ്രികള്‍ പാകിസ്താന്‍ ഭീകരര്‍ക്ക് എത്തിച്ചുകൊടുക്കുന്നതായി റിപ്പോര്‍ട്ട്

ചൈനയില്‍ നിര്‍മിച്ച യുദ്ധ സാമഗ്രികള്‍ പാകിസ്താന്‍ ഭീകരര്‍ക്ക് എത്തിച്ചുകൊടുക്കുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ചൈനയില്‍ നിര്‍മിച്ച ആധുനിക വെടിക്കോപ്പുകളും ഗ്രനേഡുകളും പാകിസ്താന്‍ ഭീകരര്‍ക്ക് എത്തിച്ചുകൊടുക്കുന്നതായി റിപ്പോര്‍ട്ട്. കശ്മീരിലെ ഭീകര സംഘടനകള്‍ക്ക് പാകിസ്താന്‍ ഇവ വന്‍തോതില്‍ എത്തിച്ചുകൊടുക്കുന്നതായാണ് ഭീകരവിരുദ്ധ സേന കണ്ടെത്തിയിരിക്കുന്നത്.കഴിഞ്ഞ ജനുവരി മുതലുള്ള കാലത്ത് 70 ചൈനാ നിര്‍മിത ഗ്രനേഡുകള്‍ ജമ്മു കശ്മീരില്‍നിന്ന് സുരക്ഷാസേന പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ ചൈനയില്‍ നിര്‍മിച്ച അധുനിക പിസ്റ്റളുകള്‍, ഷെല്ലുകള്‍ തുടങ്ങിയവയും വിവിധി ഭീകര സംഘടനകളില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.പലപ്പോഴും പാക് ഭീകരര്‍ ഉപയോഗിക്കാറുള്ള ഗ്രനേഡുകള്‍ പാകിസ്താനിലോ ചൈനയിലോ നിര്‍മിക്കുന്നവയാണ്. എന്നാല്‍ അടുത്തിടെ ചൈനാ നിര്‍മിതമായ ഇത്തരം സ്‌ഫോടകവസ്തുക്കളുടെ ഉപയോഗം പെട്ടെന്ന് വര്‍ധിച്ചിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഒരു സൈനിക വക്താവ് വെളിപ്പെടുത്തി. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഒരു വര്‍ഷത്തിനിടയില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങളില്‍ ഉപോയഗിച്ചിട്ടുള്ള വെടിക്കോപ്പുകളും ഉപകരണങ്ങളും ചൈനീസ് നിര്‍മിതമാണെന്നും കണ്ടെത്തിയിട്ടുണ്ട്. പട്രോള്‍ സംഘങ്ങള്‍, ബങ്കറുകള്‍, സൈനികവാഹനങ്ങള്‍, സിആര്‍പിഎഫ് കേന്ദ്രങ്ങള്‍ തുടങ്ങിയവയ്ക്കു മേല്‍ നടത്തിയിട്ടുള്ള ആക്രമണങ്ങള്‍ക്ക് ഇത്തരം ഗ്രനേഡുകളും ഷെല്ലുകളും ഉപയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.