മാനസിക നില തെറ്റിയ തരൂരിനെ പാകിസ്ഥാനിലേക്ക് അയയ്‌ക്കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

മാനസിക നില തെറ്റിയ തരൂരിനെ പാകിസ്ഥാനിലേക്ക് അയയ്‌ക്കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: മാനസിക നില തെറ്റിയ തരൂരിനെ പാകിസ്ഥാനിലേക്ക് അയയ്‌ക്കണമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി എം.പി. ഒരിക്കലും യഥാര്‍ത്ഥ ഹിന്ദുവിന് ഏകാധിപതിയാകാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഹിന്ദു പാകിസ്ഥാന്‍ എന്ന തരൂരിന്റെ പരാമര്‍ശം തന്നെ അത്ഭുതപ്പെടുത്തിയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. അടുത്തിടെയാണ് താന്‍ എന്തുകൊണ്ട് ഹിന്ദുവായെന്ന പുസ്‌തകം അദ്ദേഹം എഴുതിയത്. ഈ വിഷയത്തില്‍ ഗഹനമായ വിശദീകരണമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. മുസ്‌ലിം സമുദായം തങ്ങള്‍ക്കൊപ്പമില്ലെന്ന ചിന്തയാണ് അദ്ദേഹത്തെ ഇങ്ങനെ പറയിച്ചത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തരൂരിന് പാകിസ്ഥാനില്‍ നിന്നും കാമുകിമാരെ ഉണ്ടാക്കാമെങ്കില്‍ അദ്ദേഹത്തിന് പാകിസ്ഥാനിലേക്ക് പോകാനും മടികാണില്ല. സുനന്ദ പുഷ്‌ക്കര്‍ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷം തരൂരിന്റെ മാനസിക നില തകരാറിലായെന്ന് വേണം കരുതാന്‍. രാജ്യത്തിന്റെ യശസ് ഉയര്‍ത്താനായി ലോകരാജ്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തുമ്ബോള്‍ ഹിന്ദു പാകിസ്ഥാനെന്ന വിവാദ പരാമര്‍ശം തിരിച്ചടിയാകും. നമ്മുടെ രാജ്യത്തിന് ഈ പരാമര്‍ശം നാണക്കേടുണ്ടാക്കുകയും ചെയ്യും. എന്നാല്‍ തരൂരിന്റെ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയുടെ നിലപാടല്ലെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം തരൂര്‍ നടത്തിയ പ്രസ്‌താവനയാണ് വിവാദമായത്. 2019ല്‍ ഒരിക്കല്‍ കൂടി അധികാരത്തിലെത്തിയാല്‍ ഇന്ത്യയെ ബി.ജെ.പി ഹിന്ദു പാകിസ്ഥാനാക്കുമെന്നും രാജ്യത്തിന്റെ പവിത്രമായ ഭരണഘടനയെ കീറിയെറിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.