‘മോദി’ കുര്‍ത്തയില്‍ ‘മോടി’ കൂട്ടി ജപ്പാന്‍  പ്രധാനമന്ത്രി

 ‘മോദി’ കുര്‍ത്തയില്‍ ‘മോടി’ കൂട്ടി ജപ്പാന്‍  പ്രധാനമന്ത്രി

അഹമ്മദാബാദ്: ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ജപ്പാൻ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് ഇന്ത്യന്‍  ലുക്കിലാകാന്‍   മോദി നല്‍കിയത്  കുര്‍ത്തയും ജാക്കറ്റുമാണ്. അഹമ്മദാബാദില്‍ നടത്തിയ റോഡ് ഷോയ്ക്ക് ആബെയും ഭാര്യ അക്കി ആബെയും പരമ്പരാഗത ഇന്ത്യന്‍ വേഷത്തിലാണ് പങ്കെടുത്തത്. ഇവര്‍ക്കായി ഇന്ത്യന്‍ വേഷങ്ങള്‍ തുന്നിക്കൊടുത്തത് അഹമ്മദാബാദിലെ ജേഡ് ബ്ലു എന്ന സ്ഥാപനമാണ്.

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ മോദിക്കുര്‍ത്ത കൂടാതെ മോദി സ്ഥിരമായി ഉപയോഗിക്കുന്ന തരത്തിലുള്ള ജാക്കറ്റും അണിഞ്ഞിരുന്നു. ഇതും ഈ സ്ഥാപനമാണ് തയ്യാറാക്കി നല്‍കിയത്. 2014 ല്‍ ഇന്ത്യയിലെത്തിയ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങും ഗുജറാത്ത് സന്ദര്‍ശനത്തില്‍ ഇതേ സ്ഥാപനത്തില്‍ നിന്ന് മോദി അണിയുന്ന തരത്തിലുള്ള ജാക്കറ്റ് വാങ്ങിയിരുന്നു. എന്നാല്‍ അന്ന് മോദി സ്‌റ്റൈല്‍ കുര്‍ത്ത വാങ്ങിയിരുന്നില്ല.

ഷിന്‍സോ ആബെ ധരിച്ചത് മോദി സാധാരണ ഉപയോഗിക്കുന്ന തരത്തിലുള്ള വെള്ള കുര്‍ത്തയും നീല നിറത്തിലുള്ള ജാക്കറ്റുമാണ്. എന്നാല്‍ ചൈനിസ് പ്രസിഡന്റിനായി 2014 ല്‍ തയ്യാറാക്കി നല്‍കിയത് ക്രീം നിറത്തിലുള്ള ജാക്കറ്റായിരുന്നു. അതദ്ദേഹം തന്റെ ഷര്‍ട്ടിന്റെ പുറമെ ധരിക്കുകയായിരുന്നു ചെയ്തത്. ഷിന്‍സോ ആബെയാകട്ടെ ഒരുപടികൂടി കടന്ന് പൂര്‍ണമായും മോദിസ്‌റ്റൈലിലേക്ക് മാറി.

ഭാര്യ അക്കി ആബെയ്ക്ക് വേണ്ടി പരമ്പരാഗത കുച്ചി മാതൃകയിലുള്ള വസ്ത്രമാണ് തയ്യാറാക്കിയത്. ഇരുവര്‍ക്കുമായി വസ്ത്രങ്ങള്‍ തയ്യാറാക്കാന്‍ നേരത്തെ തന്നെ തങ്ങള്‍ക്ക് അളവുകള്‍ അയച്ചു തന്നിരുന്നുവെന്നും ജേഡ് ബ്ലു സ്ഥാപനത്തിന്റെ സ്ഥാപകന്‍ ബിപിന്‍ ചൗഹാന്‍ പറയുന്നു. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായതു മുതല്‍ ജേഡ് ബ്ലൂ എന്ന സ്ഥാപനമാണ് മോദിക്കുവേണ്ടി വസ്ത്രങ്ങള്‍ തയ്യാറാക്കുന്നത്.