യു പി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ സമാജ്‍വാദി പാർട്ടിക്ക്  ട്രാൻസ്ജെൻഡര്‍ സ്ഥാനാർഥി

യു പി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ സമാജ്‍വാദി പാർട്ടിക്ക്   ട്രാൻസ്ജെൻഡര്‍ സ്ഥാനാർഥി

ലക്നൗ∙ ഉത്തർപ്രദേശിലെ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മേയർ സ്ഥാനത്തേക്ക് ട്രാൻസ്ജെൻഡര്‍ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് സമാജ്‍വാദി പാർട്ടി. ബിജെപിയുടെ അഭിമാന പോരാട്ടം നടക്കുന്ന അയോധ്യ– ഫൈസാബാദ് മുനിസിപ്പൽ കോർപ്പറേഷനിലേക്കാണ് ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെട്ട ഗുൽഷൻ ബിന്ദു(47) സ്ഥാനാർഥിയാകുന്നത്.

2012 നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ഗുൽഷൻ 22,023 വോട്ടുകൾ നേടി നാലാം സ്ഥാനത്ത് എത്തിയിരുന്നു. ഇതിനു പുറമെ ഫൈസാബാദ് നഗരപാലിക ചെയര്‍മാൻ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ബിജെപിക്കു തൊട്ടുപിന്നിലെത്താനും സാധിച്ചു. ഇവരുടെ ജനപ്രീതി മുതലെടുത്ത് സീറ്റു പിടിച്ചെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ് സമാദ്‍വാദി പാർട്ടി. തന്നിൽ വിശ്വാസമർപ്പിച്ചതിന് പാർട്ടി മേധാവി അഖിലേഷ് യാദവിനോട് നന്ദി പറയുന്നതായും ജയത്തിലൂടെ യോഗി ആദിത്യനാഥിന് മറുപടി നൽകുകയാണ് ലക്ഷ്യമെന്നും ഗുൽഷാൻ മാധ്യമങ്ങളോട് പറഞ്ഞു.

മറ്റ് ആറു കോർപ്പറേഷനുകളിലേക്കുള്ള സ്ഥാനാർത്ഥികളെയും സമാജ്‍വാദി പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. ദീപു മാൻദിയ വാൽമികി (മീററ്റ്), ഐ.എസ്. തോമർ (ബറേലി), യൂസഫ് അൻസാരി (മൊറാദാബാദ്), മുജാഹിദ് കുദ്വായ് (അലിഗഢ്), രാഹുൽ സക്സേഹ (ജാൻസി), രാഹുൽ ഗുപ്ത (ഖൊരക്പൂർ) എന്നിവരാണ് മറ്റു സ്ഥാനാർത്ഥികൾ. 

അയോധ്യ, ഫൈസാബാദ് മുനിസിപ്പൽ ബോർഡുകൾ കൂട്ടിച്ചേർത്താണ് യുപി സർക്കാർ പുതുതായി അയോധ്യ മുനിസിപ്പൽ കോർപ്പറേഷൻ രൂപീകരിച്ചിട്ടുള്ളത്. ഇവിടത്തെക്കുള്ള ആദ്യ തിരഞ്ഞെടുപ്പാണ് നവംബറിൽ നടക്കുക.